
കൊച്ചി: ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ ഫെഡറൽ ബാങ്കിന്റെ അറ്റാദായം 25.28 ശതമാനം ഉയർന്ന് 1006.74 കോടി രൂപയിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ 803.61 കോടി രൂപയായിരുന്നു അറ്റാദായം.
ചരിത്രത്തിലെ ഏറ്റവുമുയർന്ന പാദവാർഷിക അറ്റാദായമായ 1007 കോടി രൂപ കൈവരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി. ഇ. ഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു. കഴിഞ്ഞ വർഷം നൂറിലധികം ശാഖകൾ തുറക്കാൻ കഴിഞ്ഞു.
ബാങ്കിന്റെ പ്രവർത്തനലാഭം 12.80 ശതമാനം ഉയർന്ന് 1437.33 കോടി രൂപയിലെത്തി.
മൊത്തം ബിസിനസ് 18.72 ശതമാനം വർധിച്ച് 438776.39 കോടി രൂപയിലെത്തി. നിക്ഷേപം 239591.16 കോടി രൂപയായി വർദ്ധിച്ചു. ആകെ വായ്പ 199185.23 കോടി രൂപയായി വർധിച്ചു. അറ്റപലിശ വരുമാനം 8.53 ശതമാനം വർധനയോടെ 2123.36 കോടി രൂപയിലെത്തി. 4628.79 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.29 ശതമാനമാണിത്