yakthi

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി വമ്പൻ നേട്ടം കൊയാനുള്ള തന്ത്രങ്ങളുമായി മറൈൻ ഡ്രൈവിൽ ചേരുന്ന ബി.ജെ.പി ശക്തികേന്ദ്ര യോഗത്തിന് ആവേശം പകരാൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. ബൂത്തു തലത്തിലെ തിരഞ്ഞെടുപ്പു ചുമതലയുള്ള ആറായിരത്തോളം താഴെതട്ടിലുള്ള പ്രവർത്തകർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ബൂത്തുതലത്തിൽ വോട്ടുകൾ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പാർട്ടി സംവിധാനമാണ് ശക്തികേന്ദ്ര. 7000 ശക്തികേന്ദ്ര സംയോജകരാണ് സംസ്ഥാനത്തുള്ളത്. ഒരു മണിക്കൂറോളം ഇവരുമായി പ്രധാനമന്ത്രി സംവദിക്കും.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, എം.പിമാരായ പ്രകാശ് ജാവദേക്കർ, രാധാമോഹൻ, ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി, അനിൽ ആന്റണി, ഒ.രാജഗോപാൽ, സി.കെ.പത്മനാഭൻ, പി.കെ.കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, ടോം വടക്കൻ, അൽഫോൻസ് കണ്ണന്താനം, സദാനന്ദൻ മാസ്റ്റർ, ഡോ. കെ.എസ്.രാധാകൃഷ്ണൻ, മേജർ രവി, ജില്ലാ പ്രസിഡന്റ് കെ.എസ്.ഷൈജു തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.