* സർക്കാർ ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാകുന്നു

കൊച്ചി: ജില്ലയിൽ കൊവിഡ്, ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സാധാരണക്കാരുടെ ആശ്രയമായ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം നിരന്തരമായ വി.ഐ.പി ഡ്യൂട്ടികൾ കാരണം അവതാളത്തിലാകുന്നുവെന്ന് കെ.ജി.എം.ഒ.എ. ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ആനുപാതികമായി വേണ്ട ഡോക്ടർമാരുടെ എണ്ണം അപര്യാപ്തമായിരിക്കെ സ്ഥാപനത്തിന് പുറത്തുള്ള ഇത്തരം അധിക ഡ്യൂട്ടികൾ സർക്കാർ ആശുപത്രികളുടെ സുഗമമായ പ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്. വിമാനത്താവളമുള്ള ജില്ല ആയതിനാൽ വി.ഐ.പികൾ ധാരാളമായി എറണാകുളംവഴി എത്തുന്നുണ്ട്. ഇവരുടെ സുരക്ഷിതയാത്രയ്ക്കുവേണ്ടി നിയോഗിക്കപ്പെടുന്നത് സാധാരണക്കാർ ചികിത്സക്കെത്തുന്ന സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരെയാണ്. വി.ഐ.പിയോടൊപ്പം മണിക്കൂറുകളോളം ആംബുലൻസുകളിൽ അനുഗമിക്കേണ്ടിവരുന്നതിനാൽ ഡോക്ടർമാരുടെ സേവനം ആ ദിവസം ആശുപത്രിയിൽ ഉണ്ടാവില്ല.

വി.ഐ.പി ഡ്യൂട്ടികൾക്കുള്ള ഉത്തരവുകൾ അവസാനനിമിഷം ലഭിക്കുന്നതിനാൽ പലപ്പോഴും പകരം സംവിധാനം ഏർപ്പെടുത്താനാവാതെ ഡോക്ടർമാർ വലയുകയാണ്. ഇതൊന്നും അറിയാതെ സർക്കാർ ആശുപത്രിയിൽ എത്തുന്ന രോഗികൾ വലയും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വരുംനാളുകളിൽ വി.ഐ.പികളുടെ സന്ദർശനം ഏറിവരാൻ സാദ്ധ്യതയുളളതിനാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്തതരത്തിൽ സർക്കാർ ഡോക്ടർമാരെ മാത്രം ആശ്രയിക്കാതെ സ്വകാര്യ ആശുപത്രി ഡോക്ടർമാരെയുംകൂടി ഉൾപെടുത്തിയോ എൻ.എച്ച്.എം താത്കാലിക ഡോക്ടർമാരുടെ പൂൾ ഉണ്ടാക്കിയോപ്രശ്നം പരിഹരിക്കാനുള്ള നടപടി ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് കെ.ജി.എം.ഒ.എ വ്യക്തമാക്കി.