k

സ്വാതന്ത്ര്യവും സമത്വവും എന്നും മുദ്രാവാക്യമായി മുഴങ്ങുന്ന നാടാണിത്. പുരോഗമന കേരളമെന്നാണ് അവകാശവാദം. എന്നാൽ അസമത്വവും ഒറ്റപ്പെടുത്തലും തുടരുകയാണെന്നതാണ് യാഥാർത്ഥ്യം. അത് വീടുകളിൽ നിന്നു തുടങ്ങി സമൂഹത്തിലും സമുദായത്തിലും തൊഴിലിടങ്ങളിലുമെല്ലാം പ്രകടമാണ്. ഒറ്റപ്പെട്ട സംഭവങ്ങളെന്ന് ഒഴിയാനാകില്ല. സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്നവരുടെ അന്തിമ ആശ്രയമാണ് ന്യായാലയങ്ങൾ.

കഴിഞ്ഞദിവസങ്ങളിൽ ഹൈക്കോടതി പരിഗണിച്ച മൂന്ന് ഹർജികൾ ഉദാഹരണമാണ്. ഇവിടെ പരാമർശിച്ച കേസുകളിലെല്ലാം നിസ്സഹായാവസ്ഥയിലുള്ളത് സ്ത്രീയോ പെൺകുട്ടിയോ ആണ്. ന്യായാലയത്തിന് എങ്ങനെയെല്ലാം സാന്ത്വനമേകാനാകുമെന്ന് തെളിയിക്കുന്നതായി ഹൈക്കോടതി സ്വീകരിച്ച നിലപാടുകൾ. വേലിക്കെട്ടുകൾ മറികടന്ന് സ്ത്രീകൾ തങ്ങളുടെ പരിദേവനങ്ങളുമായി ന്യായാലയങ്ങളിൽ കൂടുതലായെത്തുന്നു എന്നതും പൊസിറ്റീവ് സിഗ്നലാണ്.

'സ്ത്രീ ഒരു

ആശ്രയം'

വീട്ടമ്മയെന്നത് പഴയ പ്രയോഗമാണ്. വനിതകൾ വീടിനപ്പുറവും അതിർത്തികൾക്കപ്പുറവും ആകാശത്തിനപ്പുറവുമെല്ലാം മികവ് തെളിയിച്ചു കഴിഞ്ഞു. എങ്കിലും ചില കടമകളിൽ നിന്ന് ഭൂരിഭാഗം സ്ത്രീകളും മുക്തമല്ല. ജോലിത്തിരക്കിലും അവർക്ക് വീട്ടുകാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാനാകില്ല. കുട്ടികളുടേയും വയോധികരുടേയും പ്രധാന ആശ്രയം ഗൃഹനാഥയാണ്. ഇത് കണക്കിലെടുത്താണ്, വനിതാ ജീവനക്കാരുടെ സ്ഥലംമാറ്റ വിഷയത്തിൽ ഹൈക്കോടതി കഴിഞ്ഞദിവസം തൊഴിലുടമകൾക്ക് സുപ്രധാന നിർദ്ദേശം നല്കിയത്.

വനിതാ ജീവനക്കാരെ സ്ഥലംമാറ്റുന്നതിൽ തൊഴിലുടമകൾ തുറന്ന മനസോടെയുള്ള സമീപനം സ്വീകരിക്കണമെന്നും സഹാനുഭൂതി കാട്ടണമെന്നുമാണ് ഹൈക്കോടതി നി‌ർദ്ദേശിച്ചത്. പരിചിതമല്ലാത്ത ചുറ്റുപാടിലെത്തിയാൽ ഇവർക്ക് ജോലിയും ജീവിതവുമായി പാലിക്കാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഇ.എസ്.ഐ ആശുപത്രിയിലെ രണ്ട് വനിതാ ഡോക്ടർമാ‌രെ ദൂരേയ്ക്ക് സ്ഥലം മാറ്റുന്നതു സംബന്ധിച്ച ഹർജിയിലായിരുന്നു നിരീക്ഷണം.

ഹർജിക്കാരിൽ ഒരാളുടെ മക്കൾക്ക് ആസ്ത്‌മ രോഗമുണ്ട്. 89 വയസുള്ള മാതാവിന് പ്രമേഹവും ഓർമ്മക്കുറവുമുണ്ട്. രണ്ടാമത്തെ ഹർജിക്കാരിയുടെ കുട്ടിക്ക് ഏഴുവയസു മാത്രമാണ്. ഭർത്താവിന് ബംഗളൂരുവിലാണ് ജോലി. അമ്മയ്ക്ക് തലകറക്കമടക്കം രോഗങ്ങളുള്ളതിനാൽ നിരന്തരശ്രദ്ധ ആവശ്യമാണ്. ഇതെല്ലാം കോടതി ചൂണ്ടിക്കാട്ടി. എല്ലാ തൊഴിലിടങ്ങൾക്കും ബാധകമായേക്കാവുന്ന നിരീക്ഷണങ്ങളാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്.

'നിയമം

എന്ന കഴുത'

നിയമത്തിന്റെ കാർക്കശ്യം പലപ്പോഴും സാമാന്യബോധത്തിന് നിരക്കാത്തതാണ്. അത്

വിശദീകരിക്കാൻ ചാൾസ് ഡിക്കൻസിന്റെ ഒളിവർ ട്വിസ്റ്റ് നോവലിൽ ഇങ്ങനെ പറയുന്നു: 'നിയമം ഒരു കഴുത'യാണ്. മുസ്ളിം വിവാഹമോചന വിഷയത്തിൽ കഴിഞ്ഞദിവസം പുറത്തിറക്കിയ ഉത്തരവിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഡിക്കൻസിന്റെ ഈ പ്രയോഗം ഉദ്ധരിച്ചിരുന്നു. നിലവിലെ നിയമത്തിന്റെ പൊരായ്മകൾ സംബന്ധിച്ചാണ് പരാമർശം.

സമൂഹത്തിൽ മാത്രമല്ല, സമുദായികമായും സ്ത്രീകൾ നേരിടുന്ന വിവേചനം എടുത്തുകാട്ടുന്നതായി ഹൈക്കോടതി പരിഗണിച്ച മുസ്ളിം വിവാഹമോചന പ്രശ്നം. നിയമങ്ങൾ നി‌ർമ്മിച്ചിട്ടുണ്ടെങ്കിലും ചിലത് അപര്യാപ്തം. ഇവിടെയാണ് കോടതി നിർദ്ദേശങ്ങൾ സാന്ത്വനമാകുന്നത്. വ്യക്തി നിയമപ്രകാരം തലാഖ് ചൊല്ലപ്പെട്ട സ്ത്രീ അക്കാര്യം തദ്ദേശസ്ഥാപനങ്ങളിലെ വിവാഹ രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിനായി കോടതി കയറിയിറങ്ങേണ്ട സ്ഥിതിയുണ്ടായിരുന്നു. അതിനി ആവശ്യമില്ലെന്നാണ് ഹൈക്കോടതി ഉത്തരവായത്.

വിവാഹമോചന വിവരം മാര്യേജ് ഓഫീസർക്കുതന്നെ രജിസ്റ്ററിൽ രേഖപ്പെടുത്താം. അതിന് കോടതി ഉത്തരവിന്റെ ആവശ്യമില്ല. തലാഖിലൂടെ വിവാഹമോചനം നേടിയാൽ പുരുഷന്മാർക്ക് പുനർവിവാഹം ചെയ്യാം. എന്നാൽ സ്ത്രീകൾക്ക് പുനർവിവാഹത്തിന് രജിസ്റ്ററിൽ വിവാഹമോചിതയാണെന്ന് രേഖപ്പെടുത്തണം. ഇതിനു ചട്ടമില്ലാത്തതിനാൽ കോടതിയെ സമീപിക്കേണ്ട സാഹചര്യമാണ്. ഈ വിഷയത്തിലാണ് സിംഗിൽ ബെഞ്ച് ഇടപെട്ടത്. തലശേരി സ്വദേശിയായ യുവതിയാണ് ഹൈക്കോടതിയെ സമീപിച്ചതെങ്കിലും നിയമത്തിന്റെ ഇത്തരം നൂലാമാലകൾ നേരിടുന്ന എല്ലാ മുസ്ളീം സ്ത്രീകൾക്കും ആശ്വാസമേകുന്നതായി കോടതി നിർദ്ദേശം.

'കാലം മായ്ക്കാത്ത

മുറിവില്ല'

തലസ്ഥാനത്തെ ഒരു കുടുംബം നേരിടുന്ന സങ്കീർണമായ അവസ്ഥ. ഇതുസംബന്ധിച്ച കേസിലും ഹൈക്കോടതിയുടെ ഇടപെടൽ സാന്ത്വനമായി മാറി. പഞ്ചാബ് സ്വദേശിയായ ദത്തുപുത്രിയെ

തിരിച്ചേൽപ്പിക്കാൻ അനുമതിതേടിയാണ് രക്ഷിതാക്കൾ കോടതിയെ സമീപിച്ചിരിക്കുന്നത്.

പൊരുത്തപ്പെടാൻ കഴിയുന്നില്ലെന്നു കാണിച്ചാണ് ഇവർ കൗമാരക്കാരിയായ പെൺകുട്ടിയെ തിരിച്ചേൽപ്പിക്കാൻ അനുമതി തേടിയത്. ഹർജി പരിഗണനയിലിരിക്കേ തന്നെ, പെൺകുട്ടിയുടെ ക്ഷേമത്തിന് കോടതി നടപടി സ്വീകരിച്ചു. ഇതിനായി വനിതാ അഭിഭാഷകയെ അമിക്കസ് ക്യൂറിയെ നിയോഗിച്ചു.

തിരസ്കാരം നേരിടുന്ന ദത്തുപുത്രിയെ ശ്രീ ചിത്രാഹോമിലേക്ക് മാറ്റി.

കെയർഹോമിൽനിന്ന് ഫാഷൻ ഡിസൈനിംഗ് പഠനത്തിന് അയയ്ക്കാൻ ഏർപ്പാടുചെയ്തു. പെൺകുട്ടിക്ക് ഭാവിയിൽ മാതൃസംസ്ഥാനത്ത് താമസസൗകര്യം നല്കുന്ന കാര്യത്തിൽ പഞ്ചാബ്, ഹരിയാന സ‌‌ർക്കാരുകളെ ബന്ധപ്പെടാൻ ശ്രമം തുടങ്ങി.

കാലംമായ്ക്കാത്ത മുറിവുകളില്ലെന്നും രക്ഷിതാക്കളുടെ മനോഭാവത്തിൽ മാറ്റമുണ്ടായേക്കുമെന്നും ഭാവിയിൽ അനുരഞ്ജനസാദ്ധ്യത തെളിഞ്ഞേക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചാണ് കോടതി ഈ കേസിലും പെൺപക്ഷ നിലപാട് വ്യക്തമാക്കിയത്.

സമൂഹത്തിൽ തരംതിരിവിന്റെ ദോഷങ്ങൾ ഏറ്റവും നേരിടുന്നത് സ്ത്രീകളാണ്. ഈ സാഹചര്യത്തിൽ കേരള ഹൈക്കോടതിയുടെ സമീപകാല ഇടപെലുകൾ ശ്രദ്ധേയമാവുകയാണ്. വനിതാ ജീവനക്കാരുടെ സ്ഥലം മാറ്റം, മുസ്ളീം വിവാഹമോചനപ്രശ്നം, ദത്തുപുത്രിയെ തിരിച്ചേൽപിക്കാൻ അനുമതിതേടുന്ന വിഷയം എന്നിവയിൽ കോടതി നിലപാടുകൾ സ്ത്രീപക്ഷത്തു നിലകൊണ്ടായിരുന്നു.