വൈപ്പിൻ: എടവനക്കാട് ഗവ. ആയുർവേദ ഡിസ്‌പെൻസറിക്ക് മികച്ച സേവനങ്ങൾക്ക് ദേശീയ അംഗീകാരം ലഭിച്ചു. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഒഫ് ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സ് സർട്ടിഫിക്കഷനാണ് ലഭിച്ചത്. രോഗികൾക്ക് സൗകര്യം ഒരുക്കുന്നതിൽ മികവ് പുലർത്തിയതിനാണ് അംഗീകാരം.
ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററായി പ്രവർത്തിച്ചുവരികയാണ് എടവനക്കാട് ആയുർവേദ ഡിസ്‌പെൻസറി. മൂന്ന് മാസം മുൻപ് കേന്ദ്രസംഘം നേരിട്ട് ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയിരുന്നു. രോഗികൾക്ക് യൂണിക്ക് ഐഡി, രോഗവിവരങ്ങൾ, മരുന്നുകളുടെ സംഭരണം, വിതരണം എന്നിവയ്ക്ക് കമ്പ്യൂട്ടർവത്കൃത സോഫ്റ്ര്‌വെയർ സംവിധാനമുള്ള കേരളത്തിലെ ഏക ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററാണ്. ആറ് വർഷമായി പഞ്ചകർമ്മ ചികിത്സയുണ്ട്.
എടവനക്കാട് പഞ്ചായത്തിലെ സ്ത്രീകൾക്ക് പ്രസവരക്ഷാ മരുന്നുകൾ, പകർച്ചവ്യാധി പ്രതിരോധ ക്ലിനിക്, വിളർച്ചയ്ക്കുള്ള അരുണിമ ക്ലിനിക്, സ്‌കൂൾ വിദ്യാർത്ഥികൾക്ക് യോഗ ക്ലാസുകൾ എന്നിവ ഒരുക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും മികച്ച ആയുഷ് ഒ.പി സേവനങ്ങൾ നൽകുന്നത് കേരളത്തിലാണെന്ന് ആശുപത്രി സന്ദർശിച്ച നീതി ആയുഷ് സംഘം വിലയിരുത്തിയിരുന്നു.