
കൊച്ചി: മസാലബോണ്ട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസിനെ ചോദ്യം ചെയ്ത് കിഫ്ബി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി 25ന് വാദം കേൾക്കും. വിശദീകരണം സമർപ്പിക്കാൻ ഇ.ഡി കൂടുതൽ സമയം
തേടിയതിനെത്തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് കേസ് മാറ്റിയത്.
മസാലബോണ്ടുകൾ ഇറക്കിയതിൽ വിദേശനാണ്യവിനിമയ നിയമം ലംഘിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. എതിർകക്ഷികൾ മന:പൂർവം ഹാജരാകാതിരിക്കുകയും രേഖകൾ നൽകാതിരിക്കുകയും ചെയ്താൽ 10,000രൂപ പിഴ ഈടാക്കുമെന്ന് സമൻസിൽ മുന്നറിയിപ്പ് നല്കിയിരുന്നു. ഇതടക്കം ഇ.ഡിയുടെ നടപടികളെ എതിർത്താണ് കിഫ്ബിയും സി.ഇ.ഒ കെ.എം. എബ്രഹാമും കോടതിയെ സമീപിച്ചത്.
ആവശ്യപ്പെട്ട വിവരങ്ങൾ ഇ.ഡിക്ക് മുമ്പേ നൽകിയതാണെന്ന് കിഫ്ബി പറയുന്നു. മുമ്പ് ആറുതവണ ഹാജരായതാണ്. മസാലബോണ്ട് ഇറക്കുന്നതിന് തടസമില്ലെന്ന് 2018 ജൂണിൽ റിസർവ് ബാങ്ക് കിഫ്ബിയെ അറിയിച്ചിരുന്നതായും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.