അങ്കമാലി: സ്ത്രീകൾക്ക് കൂടുതൽ തൊഴിൽ നൽകാൻ കഴിയുന്ന വ്യവസായങ്ങൾക്ക് പ്രാമുഖ്യം കൊടുക്കണമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കേരളത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 2,10,000 സംരംഭങ്ങളാണ് തുടങ്ങിയത്. ഇതിൽ 70000 സംരംഭങ്ങളും സ്ത്രീകളുടേതാണ്. വനിതകളുടെ സംരംഭങ്ങളിൽ കൂടുതലും വനിതകൾ തന്നെ തൊഴിലാളികളായി വരുന്നതാണ് അനുഭവമെന്നും മന്ത്രി പറഞ്ഞു.

തുറവൂർ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് സഹകരണ സംഘം പണികഴിപ്പിച്ച ഖാദി മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംഘം പ്രസിഡന്റ് ടി.പി. ദേവസികുട്ടി അദ്ധ്യക്ഷത വഹിച്ചു. റോജി എം. ജോൺ എം.എൽ.എ, സംഘം സെക്രട്ടറി കെ.പി. രാജൻ, വൈസ് പ്രസിഡന്റ്‌ വി.എൻ. വിശ്വംഭരൻ, പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയ്, വാർഡ് മെമ്പർ എം.പി. മാർട്ടിൻ, പ്രോജക്ട് ഓഫീസർ പി.എ. അഷിത, കനറ ബാങ്ക് ചീഫ് മാനേജർ വി.വി.വിനീത് കുമാർ, തുറവൂർ ഗ്രാമീണ സഹകരണ സംഘം പ്രസിഡന്റ് ജോസഫ് പാറേക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.