
#ഏറ്റവും വലിയ ഡ്രൈഡോക്ക് കൊച്ചിക്ക് സ്വന്തം
#കപ്പൽ അറ്റകുറ്റപ്പണിക്ക് രാജ്യാന്തര ഹബും കൊച്ചിയിൽ
കൊച്ചി: സമുദ്രവാണിജ്യ മേഖലയിൽ ഇന്ത്യയെ വൻശക്തിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കൊച്ചിയിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത 4000 കോടി രൂപയുടെ മൂന്ന് പദ്ധതികൾ ഈ ലക്ഷ്യത്തിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വെല്ലിംഗ്ടൺ ഐലൻഡിൽ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ കപ്പൽ അറ്റകുറ്റപ്പണികേന്ദ്രം, രണ്ടാമത്തെ ഡ്രൈഡോക്ക്, പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എൽ.പി.ജി ഇറക്കുമതി ടെർമിനൽ എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമുദ്രമേഖല തന്ത്രപ്രധാനമായതിനാൽ കൊച്ചിയടക്കമുള്ള തീരദേശ നഗരങ്ങളിൽ വൻ പദ്ധതികൾ നടപ്പാക്കിവരികയാണ്. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈഡോക്ക് യാർഡ് ഇനി കൊച്ചിയിലാണ‌്. വലിയ കപ്പലുകളുടെ നിർമ്മാണത്തിനും അറ്റകുറ്റപ്പണിക്കും സൗകര്യമൊരുങ്ങിയതോടെ വരുമാനവും തൊഴിലവസരങ്ങളും വർദ്ധിക്കും.
ഇന്ത്യ-ഗൾഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ വൻസാദ്ധ്യതകൾ കൂടി തിരിച്ചറിഞ്ഞാണ് സമുദ്രമേഖലയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
എൽ.പി.ജി ടെർമിനൽ കൊച്ചി, കോഴിക്കോട്, കോയമ്പത്തൂർ, ഈറോഡ്, സേലം, മധുര, തിരുച്ചിറപ്പിള്ളി നഗരങ്ങൾക്ക് നേട്ടമാകും. അനുബന്ധ വാണിജ്യ ഇടപാടുകളും തൊഴിലവസരങ്ങളും വർദ്ധിക്കും.
മെയ്‌ക്ക് ഇൻ ഇന്ത്യ" പദ്ധതിയിൽ 'മെയ്ഡ് ഇൻ കേരള"യുടെ സംഭാവന വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചന്ദ്രയാൻ, ആദിത്യ ദൗത്യങ്ങളിലടക്കം കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ വലിയ പങ്ക് വഹിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര തുറമുഖ - ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ, വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.
#1800 കോടിയുടെ
ഡ്രൈഡോക്ക്
നീളം: 310 മീറ്റർ, വീതി: 75 മീറ്റർ, ആഴം: 13 മീറ്റർ.
70,000 ടൺ ഭാരമുള്ള വിമാനവാഹിനികൾ, വലിയ ചരക്കുകപ്പലുകൾ, ടാങ്കറുകൾ തുടങ്ങിയവ കൈകാര്യം ചെയ്യാം. അടിയന്തരഘട്ടങ്ങളിൽ വിദേശരാജ്യങ്ങളുടെ സഹായം തേടുന്ന സാഹചര്യം ഒഴിവാകും. 2000 തൊഴിലവസരങ്ങൾ.
# 970 കോടിയുടെ കപ്പൽ
അറ്റകുറ്റപ്പണി കേന്ദ്രം
കപ്പലുകളുടെ അറ്റകുറ്റപ്പണിക്കുള്ള രാജ്യാന്തര ഹബ്ബായി കൊച്ചി മാറും.
. 6000 ടൺ ശേഷിയുള്ള കപ്പൽ ലിഫ്റ്റ് സംവിധാനം, 6 വർക്ക് സ്റ്റേഷനുകൾ, 130 മീറ്റർ നീളമുള്ള 7 കപ്പലുകളെ ഉൾക്കൊള്ളാനാവുന്ന 1400 മീറ്റർ നീളമുള്ള ബെർത്ത്. 2000 തൊഴിലവസരങ്ങൾ.
# 1236 കോടിയുടെ
എൽ.പി.ജി ടെർമിനൽ
ഇറക്കുമതി ടെർമിനലിന് 15400ടൺ സംഭരണശേഷി. ലക്ഷക്കണക്കിന് വീടുകളിലും സ്ഥാപനങ്ങളിലും എൽ.പി.ജി വിതരണം കാര്യക്ഷമമാകും. എൽ.പി.ജി വിതരണത്തിൽ പ്രതിവർഷം 150 കോടിയിലേറെ രൂപ ലാഭം. ബോട്ട്‌ലിംഗ് പ്ലാന്റുകൾക്കും ഗുണകരം.