ആലുവ: എടയാർ വ്യവസായ മേഖലയിൽ അന്തരീക്ഷ മലിനീകരണത്തിനും ദുർഗന്ധത്തിനു കാരണമാകുന്ന കമ്പനികൾ വ്യാപകമായതോടെ ജനങ്ങൾ രോഗ ഭീതിയിൽ. എല്ല്, കോഴി, റബർ, കരി ഓയിൽ, മത്സ്യ സംസ്കരണ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ ഭൂരിഭാഗവും ബയോഫിൽറ്ററുകൾ സ്ഥാപിച്ചിട്ടില്ലെന്നാണ് ആക്ഷേപം. മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥരുടെ ഒത്താശയാണ് ഇത്തരം കമ്പനികൾ വ്യാപകമാക്കാൻ കാരണമെന്നാണ് പരാതി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയുടെ പഠന റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കാൻ പി.സി.ബി ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഉപരോധസമരം
എടയാറിൽ അന്തരീക്ഷ മലിനീകരണത്തിനും ദുർഗന്ധത്തിനും കാരണമാകുന്ന കമ്പനികളിൽ ബയോഫിൽറ്ററുകൾ സ്ഥാപിക്കണമെന്നും ഇവയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് കടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി മലിനീകരണ നിയന്ത്രണ ബോർഡ് ഏലൂർ അസി. എൻവയോൺമെന്റൽ ഓഫീസറെ ഉപരോധിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയുടെ പഠന റിപ്പോർട്ടിലെ ശുപാർശകൾ അടിയന്തരമായി നടപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട കമ്പനികളിൽ അടിയന്തര പരിശോധന നടത്തി വേണ്ട നിർദ്ദേശങ്ങൾ നൽകാമെന്ന ഉറപ്പിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. സമരം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീകുമാർ മുല്ലേപ്പിള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എ. ഹൈദ്രോസ് അദ്ധ്യക്ഷത വഹിച്ചു. ജാസ്മിൻ മുഹമ്മദ് കുഞ്ഞ്, റിയാസ് അലി, ഫാസിൽ മൂത്തേടത്ത്, കെ. അഷറഫ്, ടി.സി. അഭിലാഷ്, സിജോ സന്ധ്യാവ്, മാത്യൂസ്, കെ. മജീദ്, അഭിജിത്ത് എന്നിവർ നേതൃത്വം നൽകി.