
 നാടകീയ സംഭവം എറണാകുളം മഹാരാജാസിൽ
കൊച്ചി: സുഹൃത്തിനെ സസ്പൻഡ് ചെയ്ത സംഭവത്തിന് കാരണക്കാരനെന്ന് ആരോപിച്ച് എറണാകുളം മഹാരാജാസ് കോളേജിലെ ഭിന്നശേഷിക്കാരനായ അദ്ധ്യാപകനെതിരെ കത്തിക്ക് സമാനമായ ആയുധംകാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാർത്ഥി. ശേഷം പ്രിൻസിപ്പലിന്റെ മുറിയിലേക്ക് നീങ്ങിയ അദ്ധ്യാപകന്റെ പുറകെയെത്തി ആയുധത്തിന്റെ പിൻഭാഗം ഉപയോഗിച്ച് തലയ്ക്ക് പിന്നിൽ മർദ്ദിച്ചു. അറബിക് വിഭാഗത്തിലെ അദ്ധ്യാപകനും നിലമ്പൂർ സ്വദേശിയുമായ ഡോ. കെ.എം. നിസാമുദ്ദീനാണ് മർദ്ദനമേറ്റത്.
അറബിക് മൂന്നാം വർഷ വിദ്യാർത്ഥിയും ഫ്രട്ടേണിറ്റി പ്രവർത്തകനുമായ മുഹമ്മദ് റാഷിദാണ് അദ്ധ്യാപകനെ മർദ്ദിച്ചത്. സംഭവശേഷം ഓടി രക്ഷപ്പെട്ട റാഷിദിനായി എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അദ്ധ്യാപകന്റെ പരാതിയിൽ കേസെടുത്തിട്ടുണ്ട്. 13ന് അറബിക് വിഭാഗത്തിലെ വിദ്യാർത്ഥികൾ ഹൈദരാബാദിലേക്ക് പഠനയാത്ര നടത്തിയിരുന്നു. സംഘത്തിലെ രണ്ട് വിദ്യാർത്ഥികളെ ഫ്രട്ടേണിറ്റി പ്രവർത്തകനും സഹപാഠിയുമായ ബിലാൻ ഷംസുദ്ദീൻ ട്രെയിനിൽവച്ച് മർദ്ദിച്ചശേഷം ആലുവയിൽ ഇറങ്ങിപോയത് സാക്ഷിയായ അദ്ധ്യാപിക ആഭ്യന്തര അന്വേഷണ സംഘത്തോട് തുറന്നുപറഞ്ഞിരുന്നു. ഇതിൽ ബിലാലിനെ കഴിഞ്ഞദിവസം പ്രൻസിപ്പൽ സസ്പൻഡ് ചെയ്തിരുന്നു.
ഇതിന്റെ കാരണക്കാരൻ നിസാമുദ്ദിനാണെന്നാണ് ബിലാലിന്റെയും ഫ്രട്ടേണിറ്റിയുടെയും ആരോപണം. ഇതിനിടെ ഇന്നലെ ഉച്ചയോടെ അറബിക് വിഭാഗത്തിലെത്തിയ റാഷിദ് നിസാമുദ്ദീനുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അദ്ധ്യാപകൻ താത്പര്യമില്ലെന്ന് മറുപടി നൽകി. ക്ഷുഭിതനായ റാഷിദ് കൈയിൽ കരുതിയിരുന്ന കത്തി അദ്ധ്യാപകന്റെ തോളിലേക്കുവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് കോളേജിന്റെ പിന്നിലെ പടിക്കെട്ട് കയറുന്നതിനിടെ പിന്തുടർന്ന് എത്തിയ റാഷിദ് മർദ്ദിച്ചു. പരിക്കേറ്റ അദ്ധ്യാപകൻ വിവരം സഹപ്രവർത്തകരോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് എറണാകുളം ആശുപത്രിയിൽ ചികിത്സതേടി. പുറത്ത് നീരുവച്ച അവസ്ഥലയിലായിരുന്നു.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം വൈകിട്ടോടെ ആശുപത്രി വിട്ടു. എറണാകുളം സെൻട്രൽ പൊലീസ് ആശുപത്രിയിലെത്തി നിസാമുദ്ദിന്റെ മൊഴിയെടുത്തു. മൂർച്ചയേറിയ ആയുധംകൊണ്ട് റാഷിദിന്റെ കൈ മുറിഞ്ഞിട്ടുണ്ട്. മർദ്ദനമേറ്റ അദ്ധ്യാപകൻ തല്ലിയെന്നും ഇസ്ലാമിസ്റ്റെന്നും വിളിച്ചെന്ന് ആരോപിച്ച് ഫ്രട്ടേണിറ്റി പ്രവർത്തകരായ വിദ്യാർത്ഥിനികൾ പ്രിൻസിപ്പലിന് പരാതി നൽകി.
സസ്പൻഡിലായ ബിലാൽ കഴിഞ്ഞദിവസം കാമ്പസിലെത്തിയത് എസ്.എഫ്.ഐ -ഫ്രട്ടേണിറ്റി സംഘർഷത്തിന് ഇടയാക്കിയിരുന്നു. അറബിക് വിഭാഗത്തിന്റെ മുന്നിൽ നടന്ന സംഘട്ടനത്തിന് ഇരുവിഭാഗം പ്രവർത്തകർക്ക് എതിരെ നടപടിയെടുക്കണമെന്ന് കോളേജിലെ സ്റ്റാഫ് കോ-ഓർഡിനേറ്റർ കൂടിയായ നിസാമുദ്ദീനടക്കമുള്ള അറബിക്കിലെ അദ്ധ്യാപകർ പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടിരുന്നു.
അഭിമന്യുവിനെ ഓർത്തുപോയി ; മാപ്പ്
നൽകാൻ തയ്യാർ: ഡോ.നിസാമുദ്ദീൻ
വിഷ്ണു ദാമോദർ
കൊച്ചി: 'ഒരു നിമിഷം മഹാരാജാസിന്റെ അഭിമന്യുവിനെ ഓർത്തുപോയി. ചോരയൊലിക്കുന്നത് കണ്ട് ദേഹമാകെ പരിശോധിച്ചു. മുറിവേറ്റിട്ടില്ലെന്ന് തിരിച്ചറിഞ്ഞെങ്കിലും ഭീതിയിൽ നിന്ന് മുക്തനാകാൻ ഒരുപാട് സമയം വേണ്ടിവന്നു. എറണാകുളം മഹാരാജാസ് കോളേജിൽ സ്വന്തം വിദ്യാർത്ഥിയുടെ ആക്രമണത്തിൽ പരിക്കേറ്റ അറബിക് വിഭാഗം അദ്ധ്യാപകൻ ഡോ. കെ.എം. നിസാമുദ്ദീൻ സംഭവങ്ങൾ കേരളകൗമുദിയോട് തുറന്നുപറയുമ്പോഴും വാക്കുകളിൽ ഭീതി നിഴലിച്ചുനിന്നു.
ജീവിതത്തിൽ ഇന്ന് വരെ ഒരു സംഘർഷത്തിലും ഇടപെട്ടിട്ടില്ല. ഓർക്കാൻപോലും ആഗ്രഹിക്കാത്ത നിമിഷമാണിവ. മൂർച്ചയേറിയ ആയുധകൊണ്ടാണ് മർദ്ദിച്ചത്. ആയുധത്തിന്റെ പിൻവശമായിരിക്കാം തലയ്ക്ക് പിന്നിൽ കൊണ്ടത്. റാഷിദിന്റെ കൈയിൽ ചോരയൊലിക്കുന്നുണ്ടായിരുന്നു. ഇത് കണ്ടാണ് തനിക്ക് മുറിവേറ്റതാണെന്ന് സംശയിച്ചത്.
സുഹൃത്തിനൊപ്പം ചേർന്ന് കൊല്ലുമെന്നും ഭീഷണിമുഴക്കിയാണ് റാഷിദ് ഓടിമാറിയത്. തന്റെ വിദ്യാർത്ഥിയായ ബിലാൽ ഷംസുദ്ദീൻ സസ്പെൻഷനിലാകാൻ കാരണക്കാരൻ താനാണെന്നാണ് ഫ്രട്ടേണിറ്റി മൂവ്മെന്റ് പ്രവർത്തകർ കരുതിയിരിക്കുന്നത്. അത് തെറ്റാണ്. കഴിഞ്ഞ ദിവസം അറബിക് വിഭാഗത്തിന് മുന്നിൽ വച്ച് നടന്ന സംഘട്ടനത്തിൽ ഇരുകൂട്ടർക്കും എതിരെ നടപടിയെടുക്കണമെന്നാണ് ഒറ്റക്കെട്ടായി തീരുമാനിച്ചത്. ഇക്കാര്യം പ്രിൻസിപ്പലിനെ അറിയിക്കുകയും ചെയ്തു.
താൻ പക്ഷപാതപരമായി പെരുമാറിയെന്നാണ് കുട്ടികൾ ആരോപിക്കുന്നത്. ഇത് വിഷമിപ്പിക്കുന്ന കാര്യമാണ്. ഇടത്പക്ഷ അദ്ധ്യാപക സംഘടനയിൽ അംഗമാണെങ്കിലും രാഷ്ട്രീയ വേർതിരിവ് ഇന്നേവരെ ആരോടും കാട്ടിയിട്ടില്ല. ഡിപ്പാർട്ട്മെന്റിൽ ഏത് പരിപാടിക്കും മുന്നിൽ നിൽക്കുന്നവരാണ് ബിലാലും മുഹമ്മദ് റാഷിദും. റാഷിദിനോട് ഇപ്പോഴും ദേഷ്യമില്ല. ആ കുട്ടിക്ക് മാപ്പ് നൽകാൻ തയ്യാറാണ്. ക്ഷമ പറഞ്ഞാൽ ആ നിമിഷം സ്റ്റേഷനിലെത്തി പരാതി പിൻവലിക്കാനും ഒരുക്കമാണ്.
ഇസ്ലാമിസ്റ്റ് എന്ന് വിളിച്ചുവെന്നാണ് തനിക്കെതിരെ ഇന്ന് പ്രിൻസിപ്പലിന് എതിരെ നൽകിയ പരാതിയിൽ പറയുന്നത്. തന്നെ നിരീശ്വരവാദിയെന്ന് കുട്ടികൾ വിളിച്ചപ്പോൾ തിരികെ താമശരൂപേണ പറഞ്ഞ മറുപടിയാണ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടത്. ക്ലാസിൽ ഉറങ്ങിയ കുട്ടിയെ പേപ്പർ കൊണ്ട് തട്ടി എഴുനേൽപ്പിച്ചതെല്ലാം പരാതിയായി. രണ്ട് വർഷം മുമ്പേ നടന്ന സംഭവങ്ങൾക്ക് ഇപ്പോൾ പരാതി നൽകുന്നത് തന്നെ തളർത്തുന്നതിന് വേണ്ടിയായിരിക്കാമെന്ന് ഡോ. കെ.എം. നിസാമുദ്ദീൻ പറഞ്ഞു.
അദ്ധ്യാപകനെതിരെ
പരാതിയുമായി വിദ്യാർത്ഥിനികൾ
കൊച്ചി: അദ്ധ്യാപകൻ ഭീഷണിപ്പെടുത്തിയെന്ന് പരാതിയുമായി മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിനികൾ രംഗത്ത്. അറബിക് അദ്ധ്യാപകനും സ്റ്റാഫ് അഡ്വൈസറുമായ ഡോ.കെ.എം. നിസാമുദ്ദീനെതിരെ പ്രിൻസിപ്പലിന് പരാതി നൽകി. പാർട്ടി അടിസ്ഥാനത്തിൽ തങ്ങളോട് അദ്ധ്യാപകൻ വിവേചനം കാണിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നു. മൂന്നാം വർഷ അറബിക് വിദ്യാർത്ഥിനിയെ വർഗീയവാദി, മതവാദിയെന്നുമൊക്കെ വിളിച്ച് അധിക്ഷേപിച്ചെന്നും പരാതിയിലുണ്ട്. കഴിഞ്ഞ 15ന് നടന്ന സംഘർഷത്തെക്കുറിച്ച് അറബിക് ഗ്രൂപ്പിൽ ചർച്ച ചെയ്തതിനും അഭിപ്രായം പറഞ്ഞതിനും പെൺകുട്ടികളെയടക്കം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു. സസ്പെൻഡ് ചെയ്യുമെന്നും കേസ് കൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥിനികൾ ആരോപിച്ചു. ഇതിന്റെ ഓഡിയോ ക്ലിപ്പും വിദ്യാർത്ഥികൾ പുറത്തുവിട്ടു. വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തിയ അദ്ധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ഫ്രട്ടേണിറ്റി മൂവ്മെന്റെ് മഹാരാജാസ് യൂണിറ്റ് ആവശ്യപ്പെട്ടു.