 
നെടുമ്പാശേരി: മൂന്നുദിവസംമുമ്പ് കാണാതായ ഗൃഹനാഥനെ വീട്ടിൽനിന്ന് രണ്ട് കിലോമീറ്റർ ദൂരത്തെ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെങ്ങമനാട് ദേശം കുന്നുംപുറം ചേട്ടാകുളത്തിൻകര വീട്ടിൽ ബേബിയെന്ന ജോർജ് സി. ഹാർബലിന്റെ (66) മൃതദേഹമാണ് ഇന്നലെ രാവിലെ ദേശം തലക്കൊള്ളി ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കണ്ടെത്തിയത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ബേബിയെ കാണാതായത്. ആലുവ സെമിനാരിപ്പടി ബസ്‌സ്റ്റോപ്പിൽനിന്ന് അങ്കമാലി ഭാഗത്തേക്കുള്ള ബസിൽ കയറുന്നത് ചിലർ കണ്ടിരുന്നു. ബന്ധുക്കൾ ആലുവ സ്റ്റേഷനിൽ പരാതി നൽകുകയും പൊലീസ് അന്വേഷണം നടത്തിവരികയുമായിരുന്നു. അതിനിടെയാണ് തലക്കൊള്ളി ഭാഗത്തെ പറമ്പിൽ രാവിലെ വിറക് ശേഖരിക്കാനെത്തിയ സമീപവാസിയായ യുവാവ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.
ആലുവ പൊലീസ് മേൽനടപടി സ്വീകരിച്ചു. വിഷം അകത്തുചെന്നാണ് മരിച്ചതെന്നാണ് സൂചന. സമീപത്തുനിന്ന് വിഷക്കുപ്പിയും പോക്കറ്റിൽനിന്ന് ബസ് ടിക്കറ്റും കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംസ്കാരം ഇന്ന് ആലുവ തൃക്കുന്നത്ത് സെമിനാരി സെമിത്തേരിയിൽ. ഭാര്യ: ലില്ലി ജോർജ് (റിട്ട. ടീച്ചർ, ഹോളി ഗോസ്റ്റ്, തോട്ടയ്ക്കാട്ടുകര). മക്കൾ: ശ്രുതി (ദുബായ്), ശ്വേത. മരുമക്കൾ: വിനോദ് (ദുബായ്), സഞ്ജയൻ (ചലച്ചിത്ര അസോസിയേറ്റ് ഡയറക്ടർ).