m-gouri

കൊച്ചി: ആദ്യബാച്ച് മുതൽ റാങ്കുകൾ കൊയ്തുകൂട്ടുന്ന പൂത്തോട്ട ശ്രീനാരായണ ലാ കോളേജ് ഇക്കുറിയും ചരിത്രമാവർത്തിച്ചു. മഹാത്മാഗാന്ധി സർവകലാശാല 2023ൽ നടത്തിയ പഞ്ചവത്സര ബി.എ എൽ.എൽ.ബി (ഓണേഴ്സ്), പഞ്ചവത്സര ബി.ബി.എ എൽ.എൽ.ബി (ഓണേഴ്സ്), ത്രിവത്സര എൽ.എൽ.ബി അവസാനവർഷ പരീക്ഷകളിൽ 13 റാങ്കുകളാണ് എസ്.എൻ. കോളേജ് കൈപ്പിടിയിലൊതുക്കിയത്.

പഞ്ചവത്സര ബി.എ എൽ.എൽ.ബി (ഓണേഴ്സ്) പരീക്ഷയിൽ എം. ഗൗരി ഒന്നാം റാങ്കും ആര്യ സതീശൻ രണ്ടാം റാങ്കും നേടി. ജെ. ലക്ഷ്മി നാലാം റാങ്കും ആൻമേരി വർഗീസ് ആറാം റാങ്കും പൂർണ്ണിമ രാജീവ് ഏഴാം റാങ്കും കരസ്ഥമാക്കി.

പഞ്ചവത്സര ബി.ബി.എ എൽ.എൽ.ബി (ഓണേഴ്സ്) പരീക്ഷയിൽ ജെ.വിശാഖ ( നാലാം റാങ്ക്), ആർ. കാവ്യ (ഏഴാം റാങ്ക്), ആദിത്യ പി. ചന്ദ്രൻ ( എട്ടാം റാങ്ക്), ത്രിവത്സര എൽ.എൽ.ബി അവസാനവർഷ പരീക്ഷയിൽ ജെ. വിഷ്ണു( മൂന്നാം റാങ്ക്), ഉഷാകുമാരി (നാലാം റാങ്ക്), വർഗീസ് തോമസ് (ആറാം റാങ്ക്), എൻ. നമിത (എട്ടാം റാങ്ക്), സിസിലി ഗ്രേഷ്യസ് (പത്താം റാങ്ക്) എന്നിവർ മികച്ചവിജയം നേടി.

റാങ്ക് ജേതാക്കളെ കോളേജ് മുൻ മാനേജർ ഇ.എൻ. മണിയപ്പൻ, മാനേജർ എ.ഡി. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി കെ.കെ. അരുൺകാന്ത്, പ്രിൻസിപ്പൽ ഡോ. കെ.ആർ. രഘുനാഥൻ, വൈസ് പ്രിൻസിപ്പൽ ഡോ. സിന്ധു സോമൻ എന്നിവർ അനുമോദിച്ചു.