1

മട്ടാഞ്ചേരി: കരുവേലിപ്പടി സർക്കാർ ആശുപത്രിയിലെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഹാത്മാ പ്രവർത്തകർ ആശുപത്രി സൂപ്രന്റിനെ ഉപരോധിച്ചു. ആശുപത്രിയിലെ ശസ്ത്രക്രിയ വാർഡ് മുകളിലെ നിലയിലാണ്. ഇവിടത്തെ കിടപ്പ് രോഗികൾക്ക് കുടിവെള്ളത്തിനായി താഴെയെത്തണം. മുകളിലെ നിലയിൽ വെള്ളം എത്തുന്നതിനുള്ള സംവിധാനം തകരാറിലായിട്ടും ഇത് പരിഹരിക്കുവാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.

കൂടാതെ ഒ.പി.വിഭാഗത്തിന്റെ പ്രവർത്തനം കാര്യക്ഷമമല്ലന്നും പ്രതിഷേധക്കാർ ആരോപിച്ചു. ഇതിനെല്ലാം അടിയന്തരമായി പരിഹാരം കാണണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ആശുപത്രിയുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ അനുവദിച്ച 20 ലക്ഷം രൂപ ആശുപത്രി സൂപ്രണ്ട് നിരസിച്ചതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് ഡിവിഷൻ കൗൺസിലർ കൂടിയായ ബാസ്റ്റ്യൻ ബാബു ഉൾപ്പെടെ പരസ്യമായി രംഗത്തെത്തിയിരുന്നു. പൊതു പരിപാടിക്കിടയിലെ പ്രതികരണ വീഡിയോ പുറത്ത് വന്നതോടെ പ്രതിഷേധക്കാർ ഇത് സംബന്ധിച്ചും വിവരങ്ങൾ ആരാഞ്ഞു. എന്നാൽ സൂപ്രണ്ട് ആരോപണം നിഷേധിച്ചു.

കുടിവെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന ഉറപ്പിൽ സമരം അവസാനിച്ചു. ചെയർമാൻ ഷമീർ വളവത്ത്, ആർ.ബഷിർ, റിയാസ് ഷെരിഫ്, ഷീജ സുധീർ, എ. ഇ ഹാരിസ്,സംജാദ് ബഷീർ,സുജിത് മോഹൻ,ജാസ്മിൻ പനയപ്പിള്ളി,നജീബ് പള്ളുരുത്തി, ജാസ്മിൻ കൊച്ചാങ്ങാടി, ശബാന നൗഷാദ്, താഹിറ കോയ,ലൈല ഹാഷിം എനിവർ നേതൃത്വം കൊടുത്തു.