കൊച്ചി: കൊച്ചിയിലെത്തിയ നരേന്ദ്രമോദിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പിണറായി വിജയൻ എത്തിയത് അപ്രതീക്ഷിതമല്ലെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിക്കാൻ മന്ത്രിമാർ ഒന്നടങ്കം ഡൽഹിയിൽ സമരം ചെയ്യാൻ തീയതിവരെ നിശ്ചയിച്ചശേഷം പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയത് സംശയാസ്പദമാണ്. പിണറായിയുടെ മകളുടെ കമ്പനിയുൾപ്പെട്ട മാസപ്പടിക്കേസിലും മുഖ്യമന്ത്രിക്കെതിരെ ഉയർന്ന സ്വർണക്കടത്ത് കേസിലും കേന്ദ്ര അന്വേഷണം നടക്കുകയാണ്. പിണറായി വിജയൻ പ്രധാനമന്ത്രിക്ക് മുന്നിൽ വിനീതവിധേയനാകുന്നത് ജനങ്ങളിൽ സംശയമുണർത്തുന്നുണ്ട്.

കോൺഗ്രസ് എം.പി ഹൈബി ഈഡനും ടി.ജെ. വിനോദ് എം.എൽ.എയും പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും അവർ വിട്ടുനിന്ന് വിയോജിപ്പ് വ്യക്തമാക്കി. മോദിയുടെ നയങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി ഇതര മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളങ്ങളിൽ എത്താറില്ല. എന്നാൽ മുൻകൂട്ടി അറിയിക്കാതെ അവസാനനിമിഷം പിണറായി ഓടിയെത്തിയത് ഇവർ തമ്മിലുള്ള അന്തർധാരയുടെ തെളിവാണെന്നും മുഹമ്മദ് ഷിയാസ് ആരോപിച്ചു.