കിഴക്കമ്പലം: തെരുവുനായ ശല്യത്തിനെതിരെ പരാതി നൽകിയ ആൾക്കു നേരെ തെരുവുനായയുടെ ആക്രമണം. മലയിടംതുരുത്ത് മുരിങ്ങനാട്ട് എം.കെ. ശശിയെയാണ് (57) ചെമ്മലപ്പടി കനാൽ ബണ്ട് റോഡിൽ ബൈക്കിൽ യാത്രചെയ്യുന്നതിനിടെ തെരുവുനായ അക്രമിച്ചത്. ഇന്നലെ രാവിലെ 8.30 ഓടെയാണ് സംഭവം. പിന്നിൽ നിന്നും ഓടി വന്ന നായ കാലിൽ കടിച്ചു തൂങ്ങിയതോടെ ബൈക്ക് നിയന്ത്റണം വിട്ട് മറിഞ്ഞു. നായ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അതുവഴി വന്നയാൾ ഒച്ചവച്ചതിനാൽ ഓടി മറഞ്ഞു. പരിക്കേറ്ര ശശി മലയിടംതുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും കളമശേരി മെഡിക്കൽ കോളേജിലും ചികിത്സ തേടി. പ്രദേശത്തെ തെരുവുനായ ശല്യത്തിനെതിരെ കിഴക്കമ്പലം പഞ്ചായത്തിലെ രണ്ടാം വാർഡ് ഗ്രാമസഭയിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ശശി പറഞ്ഞു.