pic

കൊച്ചി: നാലര പതിറ്റാണ്ടുമുമ്പ് കൊച്ചി നഗരത്തിന്റെ രാത്രികാല സുരക്ഷാചുമതലയിൽ സ്വയംതൊഴിൽ കണ്ടെത്തിയ നേപ്പാളുകാരൻ ഗൂർഖ എഴുപതിന്റെ നിറവിലും കർമ്മനിരതൻ.

ഇരുപത്തിയഞ്ചാം വയസിൽ നേപ്പാളിൽനിന്ന് ഭാര്യ രാധാദേവി ബെഹറയ്ക്കൊപ്പം തൊഴിൽതേടി കേരളത്തിലെത്തിയ ഷേർസിംഗ് ആരുടേയും അനുമതിക്ക് കാത്തുനിൽക്കാതെ വൈറ്റിലഭാഗത്തെ രാത്രികാല സുരക്ഷാചുമതല ഏറ്റെടുക്കുകയായിരുന്നു. അക്കാലത്ത് വൈറ്റിലയിൽ അടച്ചുറപ്പുള്ള മതിലും കോൺക്രീറ്റ് കെട്ടിടങ്ങളും വിരളമായിരുന്നു. വ്യാപാരസ്ഥാപനങ്ങൾ തീരെയുമില്ല. വാഹനത്തിരക്കില്ല. അങ്ങനെയുള്ള സ്ഥലത്ത് രാത്രികാലസുരക്ഷയ്ക്ക് കാവൽക്കാരന്റെ ആവശ്യമുണ്ടെന്നുപോലും നാട്ടുകാർ കരുതിയിരുന്നുമില്ല. അവിടെയാണ് ഷേർസിംഗ് സ്വന്തംനിലയിലൊരു തൊഴിലിടം വെട്ടിപ്പിടിച്ചത്. കൈയിലൊരു വടിയും എളിയിൽ തിരുകിയ നീളൻ കത്തിയുമായി (കുക്രി) റോഡിൽ റോന്തുചുറ്റി. മാസാവസാനം വീടുകൾക്ക് മുന്നിൽച്ചെന്ന് കൈനീട്ടും. മനസലിവുള്ളവർ എന്തെങ്കിലം കൊടുത്താലായി. 3 മുതൽ 10 രൂപ വരെയാണ് നല്കിയിരുന്ന പ്രതിഫലം.

വരുമാനം തുച്ഛമായിരുന്നെങ്കിലും ജോലിയിൽ വിട്ടുവീഴ്ചയില്ലായിരുന്നു. രാത്രിയിൽ തന്റെ സാന്നിദ്ധ്യം അറിയിക്കാൻ കൈവശമുള്ള വടികൊണ്ട് റോഡിൽ അടിക്കും. കിട്ടുന്നതുകകൊണ്ട് തട്ടിയുംമുട്ടിയും ജീവിക്കാൻ ശീലിച്ച ഗൂർഖ മെല്ലെമെല്ലെ വൈറ്റിലയുടെ അനിവാര്യഘടകമായി മാറുകയായിരുന്നു. പിന്നീട് തൃപ്പൂണിത്തുറയിൽ 4സെന്റ് സ്ഥലവും പഴയൊരുവീടും വിലയ്ക്കുവാങ്ങി ഷേർസിംഗും കുടുംബവും തനി മലയാളികളുമായി. ഇവിടുത്തെ വോട്ടറും റേഷൻകാർഡ് ഉടമകളുമൊക്കെയാണ്. മക്കൾ മൂന്നുപേരായി. ഗീതദേവി, നരേഷ്, സുരേഷ്. ആൺമക്കളെ എറണാകുളം ഐ.ജി.എം പബ്ലിക് സ്‌കൂളിലും പെൺകുട്ടിയെ ഗവ.ഗേൾസ് സ്കൂളിലും പഠിപ്പിച്ചു. കഴിഞ്ഞവർഷം ജൂൺ 28ന് ഭാര്യ മരണമടഞ്ഞപ്പോൾ തൃപ്പൂണിത്തുറ പൊതുശ്മശാനത്തിലായിരുന്നു സംസ്കരിച്ചത്. ബികോം ബിരുദധാരിയായ നരേഷ് എറണാകുളത്ത് സ്വകാര്യകമ്പനിയിൽ ജോലിക്കാരനാണ്. പ്ലസ്ടുവരെ പഠിച്ച സുരേഷ് വിദേശത്താണ്. എം.കോം പാസായ മകൾ നേപ്പാളിലേക്ക് പോയി. പക്ഷേ മലയാളവും മലയാളികളേയും വിട്ട് എവിടേയ്ക്കുമില്ലെന്നാണ് ഷേർസിംഗ് പറയുന്നത്.

''1986ൽ പുറത്തിറങ്ങിയ ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് എന്ന സിനിമയിൽ ''ഭീം സിംഗ് കാ ബേട്ടാ രാംസിംഗ്'' എന്ന വ്യാജഗൂർഖയായി നാട്ടുകാരെ ചിരിപ്പിച്ച മോഹൻലാൽ കഥാപാത്രമാണ് വൈറ്റിലക്കാരുടെ മനസിൽ ഷേർസിംഗിന് നല്ലൊരുസ്ഥാനം നേടിക്കൊടുത്തത്''

അഡ്വ.എം.കെ. ശശീന്ദ്രൻ പൊന്നുരുന്നി