
കൊച്ചി: അഭിനയ ജീവിത്തിലെ പുതിയ അനുഭവമാണ് മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയിലൂടെ ലഭിച്ചതെന്ന് നടൻ മോഹൻലാൽ പറഞ്ഞു. റിലീസിനു മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലദേശങ്ങളില്ലാത്ത നാടോടിക്കഥപോലെയാണിത്. പ്രമേയം, ചിത്രീകരണം, വേഷം, സംഗീതം, ക്യാമറ മികവുകൾ തുടങ്ങിയ എല്ലാ ഘടകങ്ങളിലും സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാവരും തങ്ങളുടെ ഭാഗം നന്നായി ചെയ്തു. ഭാഗ്യത്തിനായാണ് ഇനി കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം 25ന് തിയേറ്ററുകളിലെത്തും. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ സൊണാലി കുൽക്കർണി ഉൾപ്പെടെ വൻതാരനിരയാണുള്ളത്. രാജസ്ഥാൻ, ചെന്നൈ തുടങ്ങിയ മേഖലകളിലായി ഒരുവർഷം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. അഭിനേതാക്കളായ ഹരീഷ് പേരടി, മണികണ്ഠൻ, കത നന്ദി, സഹനിർമ്മാതാവ് ഷിബു ബേബിജോൺ, കഥാകൃത്ത് പി.എസ്.റഫീക്ക് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.