frod

കൊച്ചി: സാമൂഹ്യമാദ്ധ്യമങ്ങളിൽ വ്യാജപരസ്യം നൽകി കേരളത്തിലെ നിക്ഷേപകരെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് വീണ്ടും. ഓഹരികളിലും മറ്റും നിക്ഷേപിക്കുന്നവരാണ് തട്ടിപ്പിനിരയായത്. നൂറുകണക്കിനുപേർ ഇതിനകം കുടുങ്ങി. പ്രമുഖ നിക്ഷേപകരുടെ വ്യാജപ്രൊഫൈലുകൾ സൃഷ്‌ടിച്ചും ഓൺലൈൻ ആൾമാറാട്ടം നടത്തിയും തുടരുന്ന തട്ടിപ്പിനെതിരെ സൈബർ പൊലീസ് ഉൾപ്പെടെ അന്വേഷണം ആരംഭിച്ചു.

വ്യാജമായ സ്റ്റോക്ക് ഉപദേശങ്ങൾ, ഫണ്ട് മാനേജ്മെന്റ് സേവനങ്ങൾ തുടങ്ങിയവ വാഗ്ദാനം ചെയ്‌ത് ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവ വഴിയായിരുന്നു തട്ടിപ്പ്.

പ്രമുഖ പോർട്ട്ഫോളിയോ മാനേജരും ഇക്വിറ്റി ഇന്റലിജൻസ് സ്ഥാപകനും സി.ഇ.ഒയുമായ പൊറിഞ്ചു വെളിയത്തിന്റെ പേരുപയോഗിച്ചാണ് തട്ടിപ്പ് ആരംഭിച്ചത്. വ്യാജപരസ്യം ശ്രദ്ധയിൽപ്പെട്ടയുടൻ സെബി, കേന്ദ്ര സംസ്ഥാന സൈബർ സെല്ലുകൾ എന്നിവയ്ക്ക് പരാതി നൽകിയതായി പൊറിഞ്ചു വെളിയത്ത് പറഞ്ഞു.

രണ്ടാഴ്ച മുമ്പാണ് തട്ടിപ്പിന് തുടക്കം. പൊറിഞ്ചു വെളിയത്തിന്റെ ചിത്രം സഹിതം ഫേസ്ബുക്കിൽ പരസ്യം വന്നത്. ഓഹരികളിൽ നിക്ഷേപിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളും ശുപാർശകളും നൽകുമെന്നായിരുന്നു പരസ്യത്തിൽ പറഞ്ഞത്. താത്പര്യമുള്ളവർക്ക് ബന്ധപ്പെടാൻ നമ്പരും നൽകി. ഇതിൽ ബന്ധപ്പെട്ടവരെ ഉൾപ്പെടുത്തി 30 ലേറെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി. ഇതിൽ അംഗമാകാൻ അയ്യായിരം രൂപ വീതം വാങ്ങി. പൊറിഞ്ചുവെന്ന പേരിൽ നിക്ഷേപിക്കേണ്ടത് സംബന്ധിച്ച് ടിപ്പുകൾ നൽകി. പൊറിഞ്ചുവിന്റെ അസിസ്റ്റന്റ് എന്നപേരിൽ അസിയ റാണിയെന്ന യുവതി ഗ്രൂപ്പിലൂടെ നിക്ഷേപകരുമായി ബന്ധപ്പെട്ടു. ഇതുവഴി നിക്ഷേപം നടത്തിയവർക്കാണ് കോടികൾ നഷ്ടമായത്. നഷ്ടം സംഭവിച്ചവർ ബന്ധപ്പെട്ടപ്പോഴാണ് യഥാർത്ഥ പൊറിഞ്ചുവല്ല എന്നറിയുന്നത്.

തട്ടിപ്പ് വലുതെന്ന് സൂചന

തട്ടിപ്പിന്റെ യാഥാർത്ഥ വ്യാപ്തി വ്യക്തമായിട്ടില്ല. എത്ര പണം നഷ്ടപ്പെട്ടെന്നും വ്യക്തമല്ല. നൂറു കോടിയിലേറെ നഷ്ടപ്പെട്ടിട്ടുണ്ടാകാം. നിരവധിപേർ ഫോണിലും നേരിട്ടും ബന്ധപ്പെട്ടതായി അദ്ദേഹം പറഞ്ഞു. പണം നഷ്ടപ്പെട്ടവരോട് പൊലീസിൽ പരാതി നൽകാൻ നിർദ്ദേശിച്ചു.

ആലുവ സ്വദേശിക്ക് 30 ലക്ഷം നഷ്ടം

ആലുവ സ്വദേശിയായ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥൻ 30 ലക്ഷം രൂപയാണ് വാട്ട്സാപ്പിലെ വ്യാജസന്ദേശപ്രകാരം നിക്ഷേപിച്ച്. ആദ്യം അഞ്ചുലക്ഷം നിക്ഷേപിച്ചപ്പോൾ രണ്ടുലക്ഷം ലാഭമെന്ന പേരിൽ ലഭിച്ചു. തു‌ടർന്ന് നടത്തിയ നിക്ഷേപങ്ങൾ സംബന്ധിച്ച യാതൊരു വിവരവും ലഭിച്ചില്ല. തുടർന്നാണ് പൊറിഞ്ചുവുമായി ബന്ധപ്പെട്ടത്. പൊലീസിലുൾപ്പെടെ പരാതി നൽകി.

സാമൂഹ്യമാദ്ധ്യമങ്ങളിൽ വരുന്ന ഏതു പരസ്യവും സംശയദൃഷ്‌ടിയോടെ കാണണം. അന്വേഷിക്കാതെ നിക്ഷേപിക്കരുത്. സാമ്പത്തിക അവബോധമില്ലായ്‌മയെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകൾ വ്യാപകമാണ്.

പൊറിഞ്ചു വെളിയത്ത്