
കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ പരസ്യങ്ങളിൽ ജീവനക്കാരുടെ മക്കൾ മോഡലാകും. അണിയറയിൽ പ്രവർത്തിക്കാനും അവസരമൊരുക്കും.
ജീവനക്കാരുടെ മക്കളുടെ കഴിവ് അറിയപ്പെടാതെ പോകുന്നതുകണ്ടാണ് പദ്ധതി ആസൂത്രണം ചെയ്‌തതെന്ന് കെ.എസ്.ആർ.ടി.സി സോഷ്യൽ മീഡിയസെൽ അറിയിച്ചു.
നിർമ്മിതബുദ്ധി (എ.ഐ) സംവിധാനത്തിലാണ് കെ.എസ്.ആർ.ടി.സി പുതിയ പരസ്യങ്ങൾ നിർമ്മിക്കുന്നത്. ഇതിന് പകരമായാണ് ജീവനക്കാരുടെ മക്കളെത്തുന്നത്. ആദ്യഘട്ടത്തിൽ ഇവരെ മോഡലുകളാക്കി പോസ്റ്ററുകൾ ചെയ്യും. പിന്നാലെ പരസ്യചിത്രങ്ങൾ നിർമ്മിക്കും. മുമ്പ് ജീവനക്കാരായിരുന്നു അഭിനേതാക്കൾ.
70 കുട്ടികളുടെ വിവരം ശേഖരിച്ചു. തിരഞ്ഞെടുക്കുന്നവർക്ക് രക്ഷാകർത്താക്കൾക്കൊപ്പം വകുപ്പിന്റെ ഭാഗമാകാം. ഓരോ വിദ്യാർത്ഥിയേയും അഭിരുചിക്കനുസരിച്ച് ഓരോ വിഭാഗത്തിലുൾപ്പെടുത്തും. കെ.എസ്.ആർ.ടി.സിയുടെ പുതിയ യാത്രാപദ്ധതികൾ, ബഡ്ജറ്റ് ടൂറിസം, പുതിയ റൂട്ടുകൾ തുടങ്ങിയവ സംബന്ധിച്ച് പരസ്യങ്ങൾ നിർമ്മിക്കാനും പദ്ധതിയുണ്ട്.
വിവരങ്ങൾ 31ന് മുമ്പ് അറിയിക്കണം
ജീവനക്കാരുടെ മക്കൾ ദേശീയ, സംസ്ഥാനതലത്തിൽ നേടിയ വിദ്യാഭ്യാസ, കലാ, കായികപരമായ നേട്ടങ്ങൾ, മറ്റു പ്രത്യേക ബഹുമതികൾ തുടങ്ങിയവ കെ.എസ്.ആർ.ടി.സി ന്യൂസ്‌ലെറ്ററിൽ പ്രസിദ്ധീകരിക്കും. 31ന് മുമ്പ് വിവരങ്ങളറിയിക്കണം. ബഹുമതിയുടെ വിവരം, മേൽവിലാസം, ഫോൺ നമ്പർ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, സർട്ടിഫിക്കറ്റിന്റെ കോപ്പി, ഐ.ഡി കാർഡിന്റെ കോപ്പി, രക്ഷാകർത്താവിന്റെ കെ.എസ്.ആർ.ടി.സി ഐ.ഡി കാർഡിന്റെ കോപ്പി എന്നിവ സഹിതമാണ് അറിയിക്കേണ്ടത്. ഫോൺ: 9447071021.
'കെ.എസ്.ആർ.ടി.സി പരസ്യങ്ങളിൽ കുട്ടികൾ ഭാഗമാകും. കെ.എസ്.ആർ.ടി.സി മാഗസിനിൽ 10 മുതൽ 20 ശതമാനം വരെ ഇവരുടെ രചനകളാണ്. പുറത്തുനിന്ന് മോഡലുകളെ എത്തിക്കുന്നതിലും ഉചിതം കഴിവും താത്പര്യവുമുള്ള കുട്ടികളെ ഉൾപ്പെടുത്തുകയാണ്".
- കെ.എസ്.ആർ.ടി.സി വക്താവ്