വൈപ്പിൻ: ചെറായി പൂരം എന്നു വിളിക്കപ്പെടുന്ന ഗൗരീശ്വരം ക്ഷേത്രത്തിലെ മഹോത്സവത്തിന് ഇന്നലെ രാത്രി ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് കൊടിയേറ്റി. മേൽശാന്തി എം.ജി. രാമചന്ദ്രൻ കാർമ്മികത്വം വഹിച്ചു.
പ്രസിഡന്റ് വികാസ് മാളിയേക്കൽ, സെക്രട്ടറി പി.ജി.ഷൈൻ, മുതൽപിടി ബെൻസീർ കെ. രാജ്, വടക്കേചേരുവാരം പ്രസിഡന്റ് ഒ.സി. സൈജു, സെക്രട്ടറി കെ.എസ്. സുകുമാർ, തെക്കേ ചേരുവാരം പ്രസിഡന്റ് രാജു കൊട്ടാരം, സെക്രട്ടറി ഇ.ബി. രാജേഷ് എന്നിവർ പങ്കെടുത്തു.
രാവിലെ 1001 കതിന വെടികളോടെയാണ് ഉത്സവ ചടങ്ങുകൾക്ക് തുടക്കമായത്. ഉച്ചയ്ക്ക് 11ന് ആരംഭിച്ച പ്രസാദംഊട്ട് 3 മണി വരെ നീണ്ടു. ആയിരങ്ങൾ പങ്കെടുത്തു. വൈകിട്ട് ചെറായി ഭക്തജന സമിതി കാവടി സംഘത്തിന്റെ നേതൃത്വത്തിൽ വലിയ വീട്ടികുന്ന് ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച കാവടി ഘോഷയാത്ര സന്ധ്യയോടെ ഗൗരീശ്വര സന്നിധിയിലെത്തി.
തെയ്യം, മയിലാട്ടം, കരകയാട്ടം, ബൊമ്മലാട്ടം, കൊട്ടക്കാവടി, പീലിക്കാവടി, പൂക്കാവടി, തകിൽ മേളം, പമ്പാമേളം, പെരുമ്പറ, ശിങ്കാരിമേളം എന്നിവ കാവടി ഘോഷയാത്രയിൽ അണിനിരന്നു. കാവടി സംഘം പ്രസിഡന്റ് സുധി ചീരങ്ങാട്ട്, സെക്രട്ടറി സജ്ജയ് കുമാർ, ഖജാൻജി വിഷ്ണു ജീവൻ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. തൈപ്പൂയ ദിവസമായ 26 ന് രാവിലെയും വൈകിട്ടും കാവടി ഘോഷയാത്രകളുണ്ടാകും. 27നാണ് പൂരം.