മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 23ന് നടക്കാനിരിക്കെ കോൺഗ്രസിലെ തർക്കം മുസ്ലിം ലീഗിനെ പ്രതിസന്ധിയിലാക്കി. കോൺഗ്രസിലെ മാത്യൂസ് വർക്കി രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
യു.ഡി.എഫിന് മുൻതൂക്കമുള്ള പഞ്ചായത്തിൽ ആദ്യ മൂന്നുവർഷം പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനും പിന്നീടുള്ള രണ്ട് വർഷം മുസ്ലിം ലീഗിനും എന്നതായിരുന്നു മുന്നണി ധാരണ. കോൺഗ്രസിനകത്ത് തുടക്കംമുതൽ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തർക്കം നിലനിന്നിരുന്നു. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചതോടെ പ്രസിഡന്റ് സ്ഥാനത്തിന് അന്ന് രണ്ടുപേർ രംഗത്തെത്തി. തുടർന്ന് ജോസഫ് വാഴയ്ക്കനും മുതിർന്ന കോൺഗ്രസ് നേതാക്കളും ചർച്ച നടത്തി ഒരാൾക്ക് ആദ്യ രണ്ടുവർഷവും രണ്ടാമന് ഒരു വർഷവും പദവി നൽകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ മറ്റുപഞ്ചായത്തുകളിലേതുപോലെ കരാർ എഴുതിയിരുന്നില്ല. ഇതിന്റെ പിൻബലത്തിൽ ആദ്യം പ്രസഡന്റായ മാത്യൂസ് വർക്കി മൂന്നുവർഷവും സ്ഥാനത്ത് തുടർന്നു. ഇതിനിടെ സ്ഥാനം വിട്ടുതരണമെന്ന് രണ്ടാമനായ പി.എം.അസീസ് പലപ്പോഴും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കാലാവധി പൂർത്തിയാക്കി കഴിഞ്ഞ ആഴ്ച മാത്യൂസ് വർക്കി സ്ഥാനം ഒഴിയുകയും ചെയ്തു. പിന്നാലെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്താൻ ഇലക്ഷൻ കമ്മീഷൻ ഉത്തരവിട്ടത്. തുടർന്ന് യു.ഡി.എഫിലെ കോൺഗ്രസ്, ലീഗ് അംഗങ്ങൾക്ക് നേതൃത്വം വിപ്പ് നൽകി. എന്നാൽ പി.എം. അസീസ് വിപ്പ് കെെപ്പറ്റാൻ തയാറായില്ല. മുൻധാരണ അനുസരിച്ച് ഒരുവർഷം പ്രസിഡന്റ് സ്ഥാനം ലഭിക്കണമെന്ന് നിലപാടിലാണ് അസീസ്. ഇത് അംഗീകരിക്കാൻ മുസ്ലിം ലീഗ് നേതൃത്വവും തയാറല്ല. കോൺഗ്രസിന് മൂന്നു വർഷം പ്രസിഡന്റ് സ്ഥാനം ലഭിച്ചെന്നും അടുത്ത ഊഴം തങ്ങളുടേതാണെന്നും ലീഗ് വ്യക്തമാക്കുന്നു. 22 അംഗം പഞ്ചായത്ത് സമിതിയിൽ കോൺഗ്രസിന് ഒമ്പതും മുസ്ലിം ലീഗിന് മൂന്നും ഉൾപ്പെടെ യു.ഡി.എഫിന് 12 അംഗങ്ങളാണുള്ളത്. സി.പി.എം- 8, സി.പി.ഐ- 2 എന്നിങ്ങനെ എൽ.ഡി.എഫിന് 10 അംഗങ്ങളുണ്ട്. കോൺഗ്രസിൽ നിന്ന് ഒരാൾ ചുവടുമാറിയാൽ ഇരുമുന്നണികളുടെയും അംഗബലം തുല്യമാകും. അങ്ങനെയെങ്കിൽ മുസ്ലിം ലീഗിന് പ്രസിഡന്റ് സ്ഥാനം ലഭിക്കാനുള്ള സാദ്ധ്യത കുറയും. ഇതിനിടെ പി.എം. അസീസ് ഇടതുനേതൃത്വവുമായി ചർച്ചനടത്തിയതായും സൂചനയുണ്ട്.