 കോളേജും ഹോസ്റ്റലും അടച്ചു

കൊച്ചി:വിദ്യാർത്ഥി സംഘർഷം തുടരുന്ന എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി പി.എ. അബ്ദുൾ നാസറിന് (21) കുത്തേറ്റു. ഒപ്പമുണ്ടായിരുന്ന വനിതാ നേതാവ് അശ്വതിക്ക് മർദ്ദനമേറ്റു. കോളേജും ഹോസ്റ്റലും അനിശ്ചിതമായി അടച്ചു. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയുണ്ടായ സംഭവത്തിൽ മൂന്നാം വർഷ എൻവയൺമെന്റൽ കെമിസ്ട്രി വിദ്യാർത്ഥി ഇജിലാൽ അറസ്റ്റിലായി. എട്ടാം പ്രതിയാണിയാൾ.

മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിയായ അബ്ദുൾ നാസറും എസ്.എഫ്.ഐ എറണാകുളം ഏരിയാ കമ്മിറ്റി അംഗവും രണ്ടാം വർഷ ഫിലോസഫി വിദ്യാർത്ഥിനിയുമായ അശ്വതിയും (20) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അശ്വതിക്ക് സാരമായ പരിക്കില്ല. നാസറിന്റെ കാലിലും നെഞ്ചിലും പുറത്തുമായി അഞ്ച് മുറിവുണ്ട്. വെട്ട് തടുക്കുന്നതിനിടെ ഭാഗികമായി അറ്റു പോയ വലതുകൈവിരലിൽ ഇന്നലെ ശസ്ത്രക്രിയ നടത്തി.

കെ.എസ്.യു - ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വനിതാ പ്രവർത്തകരടക്കം 14 പേർക്കും കണ്ടാലറിയാവുന്ന അഞ്ച് പേർക്കുമെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. വധശ്രമം അടക്കം 9 വകുപ്പുകൾ ചുമത്തി.

തിങ്കളാഴ്ച വൈകിട്ട് എസ്.എഫ്.ഐ പ്രവർത്തകരും ഫ്രറ്റേണിറ്റി - കെ.എസ്.യു പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിൽ മൂന്ന് കെ.എസ്.യു പ്രവർത്തർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഏകപക്ഷികമായി നിലപാടെടുത്തെന്ന് ആരോപിച്ച് ബുധനാഴ്ച ഉച്ചയോടെ അറബിക് വിഭാഗം അസി. പ്രൊഫസർ ഡോ. കെ.എം. നിസാമുദ്ദീനെ ഫ്രറ്റേണിറ്റി പ്രവർത്തകൻ ആക്രമിച്ചിരുന്നു. ഇതിൽ എസ്.എഫ്.ഐ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് രാത്രി കത്തിക്കുത്തിലെത്തിയത്.

കൊല്ലുമെന്ന് ഭീഷണി,​ മർദ്ദനം

നാടകോത്സവത്തിന്റെ ചുമതലക്കാരനായ അബ്ദുൽ നാസർ നാടക ടീമിന്റെ റിഹേഴ്‌സൽ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ആക്രമണം. മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി അബ്ദുൾ മാലികാണ് ഒന്നാം പ്രതി. മൂന്നാം വർഷ അറബിക് വിദ്യാർത്ഥികളായ ബിലാൽ, റാഷിദ്, മൂന്നാം വർഷ മ്യൂസിക് വിദ്യാർത്ഥി ധനീഷ്, മൂന്നാം വർഷ ബി.കോം വിദ്യാർത്ഥികളായ അഫ്ഹാം, ഷഹദൻ, മുക്താർ, ഒന്നാം വർഷം ഫിലോസഫി വിദ്യാർത്ഥി അമൽ ടോമി, രണ്ടാം വർഷ ഫിസ്‌ക്‌സ് വിദ്യാർത്ഥി ബേസിൽ, മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിനി റിത ഇസ്ലാം, രണ്ടാം വർഷ വിദ്യാർത്ഥിനി ആയിഷ, കമൽ എന്നിവരാണ് മറ്റ് പ്രതികൾ.

ഇരുമ്പുവടികളും വടിവാളും കത്തിയുമായി എത്തിയ പ്രതികൾ തന്നെയും അശ്വതിയെയും കൊല്ലുമെന്ന് ആക്രോശിച്ച് മർദ്ദിച്ചെന്നാണ് നാസറിന്റെ മൊഴി. ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ഇന്നലെ നഗരത്തിൽ പ്രകടനം നടത്തി.

ആംബുലൻസിലും മർദ്ദനം

അതേസമയം തങ്ങളുടെ പ്രവ‌ർത്തകൻ ബിലാലിനെ മുൻവൈരാഗ്യത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചതായി ഫ്രറ്റേണിറ്റി ആരോപിച്ചു. പരിക്കേറ്റ ബിലാലിനെ ആശുപത്രിയിലും ആംബുലൻസിലും കയറി മ‌ർദ്ദിച്ചതായും അവർ പറഞ്ഞു. ആശുപത്രിയുടെ ചില്ലടക്കം തകർന്നു. ആശുപത്രി സൂപ്രണ്ടും പൊലീസിന് പരാതി നൽകിയിട്ടുണ്ട്.