
തോപ്പുംപടി: അമൃത് 2.0 പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരസഭ 1 മുതൽ 28 വരെ ഡിവിഷനുകളിലെ ശുദ്ധജലവിതരണം ശക്തിപ്പെടുത്തുന്നതിനായി 27.95 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കെ. ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. 10,000 ലധികം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്നതാണ് പുതിയ പദ്ധതി. ഇതോടൊപ്പം കാലപ്പഴക്കം ചെന്ന ഫീഡർ ലൈനുകളും പഴയ പൈപ്പുകളും മാറ്റി പുതിയത് സ്ഥാപിക്കും. കരുവേലിപ്പടി പമ്പ് ഹൗസിൽ നിന്ന് മുണ്ടംവേലി വരെയുള്ള ഫീഡർ ലൈനും പഴയ പൈപ്പുകൾ മാറ്റുന്നതിനും പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളതായി എം.എൽ.എ വ്യക്തമാക്കി. ഇതോടൊപ്പം 4 ലക്ഷം ലിറ്റർ കപ്പാസിറ്റി വാട്ടർ ടാങ്ക് സ്ഥാപിക്കൽ, പമ്പ് ഹൗസ് നവീകരണം, കാലപ്പഴക്കംചെന്ന പഴയ പൈപ്പുകൾ മാറ്റി പുതിയ സ്ഥാപിക്കൽ എന്നിവയ്ക്കായി 32.42 കോടി രൂപയുടെ പ്രവർത്തികൾക്ക് ടെൻഡർ നടപടികളായിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും കൊച്ചി കോർപ്പറേഷനും സംയുക്തമായാണ്പദ്ധതി ചെലവ് ഏറ്റെടുത്തിരിക്കുന്നത്. കേരള വാട്ടർ അതോറിട്ടിക്കാണ് പദ്ധതി നിർവഹണച്ചുമതല. ചടങ്ങിൽ കൊച്ചി നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബാലാൽ അദ്ധ്യക്ഷത വഹിച്ചു. കെ. ബാബു എം.എൽ.എ, നഗരസഭാ സ്റ്റാൻഡിം ഗ്കമ്മിറ്റി ചെയർമാൻമാരായ ടി. കെ. അഷ്റഫ്, അഡ്വ. പ്രിയ പ്രശാന്ത്, വി. എ. ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.