modi
ശ്രീമൻ നാരായണനിൽ നിന്നും മൺപാത്രം സ്വീകരിക്കുന്ന ചിത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക പേജായ എക്സിൽ പങ്കുവച്ചിരിക്കുന്നു

ആലുവ: വേനലിൽ തളർന്നുവീഴുന്ന പക്ഷികൾക്ക് ദാഹജലം ലഭ്യമാക്കാനായുള്ള മൺപാത്രം പ്രധാമന്ത്രിക്ക് നേരി​ട്ട് നൽകാനായതി​ന്റെ ആഹ്ളാദത്തി​ലാണ് പരിസ്ഥിതി പ്രവർത്തകനും ഗാന്ധിയനുമായ ശ്രീമൻ നാരായണൻ. 12 വർഷം മുൻപ് ആരംഭി​ച്ച തന്റെ 'ജീവജലത്തിന് ഒരു മൺപാത്രം' പദ്ധതി പ്രകാരം ഒരു ലക്ഷം മൺപാത്രം വിതരണം ചെയ്തപ്പോൾ പ്രധാനമന്ത്രിക്ക് നൽകാനായി​ കരുതി​വച്ചതായി​രുന്നു ആ മൺ​പാത്രം.

മൺപാത്രം ഏറ്റുവാങ്ങുന്ന ചിത്രം അടിക്കുറിപ്പ് സഹിതം പ്രധാനമന്ത്രി തന്റെ ഒൗദ്യോഗിക പേജായ 'എക്സി​'ൽ പോസ്റ്റ് ചെയ്തത് ശ്രീമൻ നാരായണന് ഇരട്ടി മധുരമായി. തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും അസുലഭ നിമിഷമാണിതെന്ന് ശ്രീമൻ നാരായണൻ 'കേരളകൗമുദി'യോട് പറഞ്ഞു.

ബുധനാഴ്ച്ച സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തിയപ്പോഴാണ് താമസ സ്ഥലത്തെ പൂന്തോട്ടത്തിൽ വയ്ക്കണമെന്ന അഭ്യർത്ഥനയോടെ ശ്രീമൻ നാരായണൻ മൺപാത്രം കൈമാറിയത്. താമസ സ്ഥലത്തിന് മുൻവശത്ത് മൺപാത്രം വയ്ക്കുമെന്നും എങ്കി​ലേ അവിടെയെത്തുന്ന വിദേശ അതിഥികൾ ഉൾപ്പെടെയുള്ളവർക്ക് ലക്ഷ്യം വ്യക്തമാകൂവെന്നും പ്രധാനമന്ത്രി പ്രതികരി​ച്ചുവെന്ന് ശ്രീമൻ നാരായണൻ പറഞ്ഞു.

'ഇന്നലെ കേരള സന്ദർശന വേളയിൽ മൻകി​ ബാത് പ്രോഗ്രാമുകളിലൊന്നിൽ ഞാൻ പരാമർശിച്ച ശ്രീമൻ നാരായണൻ ജിയെ കാണാൻ അവസരം ലഭിച്ചു. എറണാകുളം സ്വദേശിയായ അദ്ദേഹം വേനൽക്കാലത്ത് മൃഗങ്ങൾക്കും പക്ഷികൾക്കും ദാഹിക്കാതിരിക്കാൻ അസാധാരണമായ പ്രവർത്തനങ്ങൾ നടത്തി. വർഷങ്ങളായി അദ്ദേഹം നിരവധി മൺപാത്രങ്ങൾ വിതരണം ചെയ്തു' എന്ന സന്ദേശത്തോടെയാണ് പ്രധാനമന്ത്രി ചിത്രം എക്സിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ലക്ഷക്കണക്കിന് പേരാണ് പോസ്റ്റ് ലൈക്കും കമന്റും ചെയ്തിട്ടുള്ളത്.

ഓരോവർഷവും പതിനായിരം മൺപാത്രങ്ങൾ വീതമാണ് ശ്രീമൻ നാരായണൻ വിതരണം ചെയ്തത്. 99,999 എണ്ണം കഴിഞ്ഞപ്പോൾ അടുത്ത മൺപാത്രം പ്രധാമന്ത്രിക്കായി മാറ്റിവച്ചു. വിവരം സുരേഷ് ഗോപി മുഖേന പ്രധാനമന്ത്രിയെ അറിയിച്ചു. ഇതേതുടർന്നാണ് 2022 മാർച്ച് 27ന് മൻകി​ബാത്തിന്റെ 87 -ാം എപ്പിസോഡിൽ പ്രധാനമന്ത്രി ശ്രീമൻ നാരായണനെ പരാമർശിച്ചത്. തുടർന്ന് മൺപാത്രം തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശ്രീമൻ നാരായണന് നി​രവധി​ വിളികളാണ് വന്നത്. നിലവിൽ 1,27,000 മൺപാത്രങ്ങൾ വിതരണം ചെയ്തുകഴിഞ്ഞു.