
കൊച്ചി: പാലുത്പാദനം വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇമ്യൂണോളജിക്കൽ ലിമിറ്റഡുമായി (ഐ.ഐ.എൽ) കേരള ഫീഡ്‌സ് കൈകോർക്കുന്നു. നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡിന്റെ ഉപ വിഭാഗമാണ് ഐ.ഐ.എൽ.
ഹൈദരാബാദിൽ നടന്ന ചടങ്ങിൽ കേരള ഫീഡ്‌സ് മാനേജിംഗ് ഡയറക്ടർ ഡോ.ബി ശ്രീകുമാറും ഐ.ഐ.എൽ മേധാവി ഡോ. കെ ആനന്ദകുമാറും ധാരണാപത്രത്തിൽ ഒപ്പിട്ടു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സീൻ ഉത്പാദിപ്പിച്ചത് ഐഐഎല്ലിന്റെ ഫാക്ടറികളിൽ ആയിരുന്നു. ഇനിമുതൽ ഐ.ഐ.എല്ലിന്റെ എല്ലാ ഉത്പന്നങ്ങളും കേരള ഫീഡ്‌സ് സംസ്ഥാനത്തുടനീളം വില്പ്പന നടത്തും. ആദ്യഘട്ടത്തിൽ വെറ്റിനറി ഉത്പന്നങ്ങളാണ് വിതരണം ചെയ്യുന്നത്.
കന്നുകാലികളിലെ മികച്ചക്ഷീരോൽപാദനം, കൂടിയ അളവ് കൊഴുപ്പ് , മികച്ച രോഗപ്രതിരോധം, മികച്ച പ്രത്യുൽപാദനശേഷി എന്നിവയെല്ലാം ഐഐഎല്ലിന്റെ പ്രത്യേകതകളാണ്. കേരള ഫീഡ്സിന്റെ മേൽനോട്ടത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലായി തിരഞ്ഞെടുത്ത ഡീലർമാർ വഴിയാണ് ഐഐഎൽ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നത്.
കേരള ഫീഡ്‌സും ഐ.ഐ.എല്ലും തമ്മിലുള്ള സഹകരണം സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഡോ.ബി ശ്രീകുമാർ അഭിപ്രായപ്പെട്ടു.