കൊച്ചി: തന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ 13 വർഷത്തിന് ശേഷം പിടിയിലായ ഒന്നാം പ്രതി സവാദിനെ പ്രൊഫ. ടി.ജെ. ജോസഫ് തിരിച്ചറിഞ്ഞു. എറണാകുളം സബ് ജയിലിൽ ഇന്നലെ നടന്ന പരേഡിൽ ജോസഫിനു പുറമെ മകൻ മിഥുൻ ടി. ജോസഫ്, സഹോദരി സിസ്റ്റർ മാരിസെല്ല എന്നിവരും സവാദിനെ തിരിച്ചറിഞ്ഞു.
വൈകിട്ട് മൂന്നിനായിരുന്നു തിരിച്ചറിയൽ പരേഡ്. മൂന്നുപേരും പ്രതിയെ തിരിച്ചറിഞ്ഞതായി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. മൂവാറ്റുപുഴ നിർമ്മല പബ്ളിക് സ്കൂളിന് സമീപത്തുവച്ചുണ്ടായ ആക്രമണം ഭാര്യയും സഹോദരിയും മകനും മാത്രമാണ് നേരിട്ടുകണ്ടത്.
സവാദിനെ തിരിച്ചറിഞ്ഞതോടെ തെളിവെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ എൻ.ഐ.എ ആരംഭിക്കും. ചോദ്യം ചെയ്യുന്നതിനു കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ അടുത്ത ദിവസം സമർപ്പിക്കും. സംഭവസ്ഥലത്തുൾപ്പെടെ സവാദിനെ എത്തിച്ച് തെളിവെടുക്കും.