aquz
ആലപ്പുഴ ബീച്ചിലെ അണ്ടർ വാട്ടർ ടണൽ അക്വേറിയം പ്രദർശനത്തിൽ നിന്ന്

കൊച്ചി: ആലപ്പുഴ ബീച്ചിലെ മറൈൻ വേൾഡ് അണ്ടർ വാട്ടർ ടണൽ അക്വേറിയം പ്രദർശനത്തിലെ അത്ഭുതക്കാഴ്ചകൾ കാണാൻ ജനത്തിരക്ക്. 28വരെയാണ് പ്രദർശനം. നടൻ ബാല ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് പ്രദർശനം കാണാൻ എത്തിയത്.

കടലിന്റെ അടിത്തട്ടിലെ അത്ഭുതക്കാഴ്ച്ചകൾ, സ്‌കൂബ ഡൈവിംഗ്, 80 കിലോ ഭാരം വരുന്ന അരാപൈമ, പാലു പോലെ വെളുത്ത അലിഗാറ്റോർ ഗ്‌ളാർ, 10കിലോ ഭാരം വരുന്ന പിരാന, പലതരം കടൽ മീനുകൾ, ഒരു ചില്ല് ജാലകത്തിൽ മനുഷ്യനും മത്സ്യങ്ങളും ഒരുമിച്ച് കഴിയുന്ന കാഴ്ച എന്നിവയാണ് മുഖ്യആകർഷണം.

ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ഇറക്കുമതി ചെയ്ത അണ്ടർ വാട്ടർ ടണൽ അക്വേറിയമാണ് ഇത്.

പ്രവേശന കവാടം കടന്നാൽ ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ പേരിലുള്ള വിശാലമായ പവലിയനിൽ മൃഗങ്ങളുടെ ഉൾപ്പെടെ മൂന്ന് തട്ടുകളിൽ കുട്ടികളെ ആകർഷിക്കുന്ന കാഴ്ചകളാണ്. പിരാന, അബാബ ഉൾപ്പടെ 25,000ൽ അധികം മത്സ്യങ്ങളെ കാണാം.

പ്രദർശന വേദിയിൽ വീട്ടാവശ്യത്തിനുള്ള സാധനങ്ങളും ഉപകരണങ്ങളും വാങ്ങാനും രുചികരമായ ഭക്ഷണം കഴിക്കാനുമുള്ള സൗകര്യവും ഗാർഡനുമുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള 10 അമ്യൂസ്‌മെന്റ് റൈഡറുകളുമുണ്ട്.

ഉച്ചയ്ക്ക് 2 മുതൽ രാത്രി 9.30 വരെയും അവധി ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയുമാണ് പ്രദർശനം. അഞ്ച് വയസിന് മുകളിലുള്ളവർക്ക് ഫീസ് 120 രൂപ. അതിന് താഴെയുള്ളവർക്കും ഭിന്നശേഷിക്കാർക്കും സൗജന്യം. സ്‌കൂൾ വിദ്യാർത്ഥി സംഘങ്ങൾക്ക് 50 ശതമാനം ഇളവുണ്ട്. ടണൽ അക്വേറിയത്തിലേക്കുള്ള പ്രവേശന കവാടവും എൻട്രി പാസ് വിതരണവും ബീച്ചിലെ കപ്പലിന്റെ ഭാഗത്താണെന്ന് എം.ഡി ഫയാസ് റഹ്‌മാൻ അറിയിച്ചു.