p

ആഗോളതലത്തിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവും സാമ്പത്തിക മാന്ദ്യവും വിദേശ സർവകലാശാലകളിലെ സുസ്ഥിര സാമ്പത്തിക സ്ഥിതിയെ ബാധിച്ചതായി റിപ്പോർട്ട്. യു.കെ, കാനഡ, ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ട്യൂഷൻ ഫീസിലും ജീവിതച്ചെലവിലും, വാടകയിലുമുണ്ടാകുന്ന വർദ്ധനവാണ് ഇന്റർനാഷണൽ വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്ന മുഖ്യഘടകങ്ങൾ.

വിദേശ വിദ്യാർത്ഥികൾക്ക് ഉയർന്ന ഫീസും അതതു രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് കുറഞ്ഞ ഫീസും എന്ന രീതിക്ക് ഇനി മാറ്റം വരുത്തേണ്ടിവരും. ഭീമമായ ഫീസ് വർദ്ധന അന്താരാഷ്ട്രവിദ്യാർത്ഥികളെ ഫീസ് കുറവുള്ള മറ്റ് രാജ്യങ്ങളിലേക്ക് മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുകയാണ്.

ഇതിന്റെ ഉദാഹരണമാണ് ലോക റാങ്കിംഗിൽ മുൻനിരയിലുള്ള കൊറിയൻ സർവകലാശാലകൾ മറ്റു രാജ്യങ്ങളിൽ ക്യാമ്പസ് തുടങ്ങാനൊരുങ്ങുന്നത്. ലാൻകാസ്റ്റർ യൂണിവേഴ്‌സിറ്റി ഇൻഡോനേഷ്യയിൽ ക്യാമ്പസ് തുടങ്ങിയതും ഓക്‌സ്‌ഫോർഡ് സർവകലാശാല സയൻസ് ഹ്യൂമാനിറ്റീസ് ഇന്റർ ഡിസിപ്ലിനറി ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചതും ഇതിനു തെളിവാണ്. ഓസ്‌ട്രേലിയയിലെ ഡീക്കൻ യൂണിവേഴ്‌സിറ്റി അടുത്തിടെയാണ് ഗുജറാത്തിൽ ക്യാമ്പസ് ആരംഭിച്ചത്. ഭാവിയിൽ വരാനിരിക്കുന്ന റിസ്‌ക് സാദ്ധ്യത വിലയിരുത്തിയാണ് നിരവധി ജർമ്മൻ, റഷ്യൻ, ചൈനീസ്, ഓസ്‌ട്രേലിയൻ സർവകലാശാലകൾ അന്താരാഷ്ട്ര സഹകരണത്തിനൊരുങ്ങുന്നത്.

യു.കെയിൽ ചില സർവകലാശാലകളിൽ വൈസ്ചാൻസലർമാർ( കാൻബെറ യൂണിവേഴ്‌സിറ്റി) ഈ അരക്ഷിതാവസ്ഥയിൽ രാജിവച്ചൊഴിയുന്ന പ്രവണതയും ദൃശ്യമാണ്. പല സർവകലാശാലകളുടെയും തനതു വരുമാനത്തിൽ ഗവേഷണഫണ്ടിലും, ഫീസിലും വൻകുറവുണ്ടായിട്ടുണ്ട്. ഇത് ഗവേഷണ മികവിനെ പ്രതികൂലമായി ബാധിക്കുന്നു. യു.കെയിൽ സ്വകാര്യ സർവകലാശാലകളിൽ അനുവദിക്കുന്ന വിദ്യാഭ്യാസ വായ്പയിൽ 53 ശതമാനവും ക്രമക്കേടുകളുണ്ടെന്ന് ടൈംസ് ഹയർ എഡ്യൂക്കേഷൻ അവകാശപ്പെടുന്നു. യു.കെയിലെ സർവകലാശാലകൾ വിദ്യാഭ്യാസ സംരംഭകത്വത്തിലേക്കു നീങ്ങിയതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്കു കാരണം. ഇതിലൂടെ സർവകലാശാലകൾക്ക് ലഭിക്കുന്ന സർക്കാർ വിഹിതം തീർത്തും ഇല്ലാതായി. സ്വയം നിലനിൽപ്പിനായി ബിസിനസ് മോഡൽ അനുസരിച്ച് വരുമാനമുണ്ടാക്കാനുള്ള ഉത്തരവാദിത്വം വൈസ് ചാൻസലർമാർക്ക് ഏറ്റെടുക്കേണ്ടിയും വരുന്നു.

ദേശീയ വിദ്യാഭ്യാസനയം 2020 അനുസരിച് വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ തുടങ്ങാൻ അനുമതി ലഭിക്കും. മാറുന്ന സാഹചര്യത്തിൽ കൂടുതൽ വിദേശ സർവകലാശാലകൾ ഇന്ത്യയിലേക്ക് വരാനിടയുണ്ട്.

ഫ്രാൻസിൽ ഉപരിപഠനത്തിന് സാദ്ധ്യതയേറുന്നു.

ഫ്രാൻസിൽ ഉപരിപഠനത്തിന് സാദ്ധ്യതയേറുന്നു. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ ഫ്രാൻസിൽ ഉപരിപഠനത്തിന് കോമൺ യൂറോപ്യൻ ഫ്രെയിംവർക് ഒഫ് റഫറൻസ് (CEFR) അനുസരിച്ച് B1/B 2/C 1 ലെവൽ കൈവരിക്കണം. പോസ്റ്റ് സ്റ്റഡി വർക് വിസയ്ക്ക് കുറഞ്ഞത് B2 എങ്കിലും കൈവരിക്കണം. നിരവധി ഓൺലൈൻ, ഓഫ്‌ലൈൻ ഫ്രഞ്ച് ഭാഷ പഠിക്കാനുള്ള കോച്ചിംഗ് കേന്ദ്രങ്ങൾ എല്ലാ നഗരങ്ങളിലുമുണ്ട്. ഉപരിപഠനത്തിനായി നിരവധി സ്‌കോളർഷിപ്പുകളുണ്ട്. സമർത്ഥരായ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 500 ഓളം സ്‌കോളർഷിപ്പുകൾ നിലവിലുണ്ട്. ലെഗ്രാൻഡ് എംപവറിംഗ് സ്‌കോളർഷിപ്, AMBA ഡാമിയ സ്‌കോളർഷിപ്, Sciences PO, പാരീസ് ടെക് എന്നിവ ഉദാഹരണം. വ്യവസായ സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളുമാണ് കൂടുതലായി സ്‌കോളർഷിപ് നൽകുന്നത്. ഫ്രാൻസിൽ സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ അക്കാഡമിക് വർഷം ആരംഭിക്കും. ഒരു വർഷത്തെ തയാറെടുപ്പുണ്ടെങ്കിൽ മികച്ച സർവകലാശാലകളിൽ പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് www.campusfrance.org, www.frenchlearner.com, www.fluentu.com തുടങ്ങിയ വെബ്‌സൈറ്റുകൾ സന്ദർശിക്കാം.