
കൊച്ചി: പ്രിന്റിംഗ് സ്ഥാപനം അടച്ചതോടെ സംസ്ഥാനത്തെ യൂസ്ഡ് വാഹന വിപണിയെ പ്രതിസന്ധിയിലാക്കി ആർ.സി ബുക്ക് വിതരണം നിലച്ചു. പുതുതായി ഡ്രൈവിംഗ് ലൈസൻസിന്റെയും പുതുക്കിയ ലൈസൻസിന്റെയും വിതരണവും സ്തംഭിച്ചിട്ട് രണ്ടുമാസം കഴിഞ്ഞു. അതിർത്തി കടന്നു പോകുന്ന വാഹനങ്ങൾ വില്പനയും പ്രതിസന്ധിയിലാണ്.
തേവരയിലെ സെൻട്രലൈസ്ഡ് ആർ.സി, പ്രിൻഡിംഗ് സ്റ്റേഷനാണ് ആർ.സി ബുക്കും ലൈസൻസും അച്ചടിക്കുന്നത്. ഇവർ അച്ചടിച്ച് തപാൽ വകുപ്പ് വഴി ഉടമയ്ക്ക് നൽകുകയാണ് ചെയ്യുന്നത്. കഴിഞ്ഞ നവംബർ 26 മുതലാണ് സ്ഥാപനം പ്രിന്റിംഗ് നിറുത്തിയത്. പ്രിന്റിംഗിന് ആവശ്യമായ പി.വി.സി കാർഡ് ലഭിക്കാത്തതിനാൽ പ്രിൻഡിംഗ് കമ്പനി അച്ചടി താത്കാലികമായി നിറുത്തി വച്ചിരിക്കുകയാണ്. പാലക്കാട് ഐ.ടി.ഐയാണ് പി.വി.സി കാർഡ് വിതരണം ചെയ്തിരുന്നത്. ഇവർക്ക് എട്ടുകോടിയോളം രൂപ സർക്കാർ നൽകാനുണ്ട്. ഒരു കാർഡിന് 60 രൂപ നിരക്കിലാണ് ഐ.ടി.ഐക്ക് കരാർ നൽകിയത്. ആർ.സി, ലൈസൻസ് എന്നിവയ്ക്ക് അപേക്ഷകരിൽ നിന്ന് 245 രൂപ മുൻകൂറായി ഈടാക്കുന്നുണ്ട്. ഈ പണം കമ്പനിക്ക് നൽകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
ഇതുമൂലം വാഹനം പുറത്തിറക്കാൻ ഉടമകൾക്ക് കഴിയുന്നില്ല. അതിർത്തി കടന്ന് പോകേണ്ട ചരക്ക് വാഹനങ്ങളടക്കമുള്ളവരാണ് പ്രധാനമായും വലയുന്നത്. പോസ്റ്റൽ ചാർജ് അടക്കം 250 രൂപ അടച്ചിട്ടും മാസങ്ങളോളമായി വണ്ടികൾ ഷെഡിൽ കയറ്റിയിട്ടിരിക്കുകയാണിവർ. മുമ്പ് പ്രിന്റ് ചെയ്ത് നൽകിയിരുന്ന ആർ.സി ബുക്ക് കഴിഞ്ഞ വർഷം ജൂലായോടെയാണ് സെൺട്രലൈസ്ഡ് ആക്കിയത്. പുതിയ ലൈസൻസ്, ആർ.സി ബുക്ക് എടുക്കൽ, പുതുക്കൽ, പേര് മാറ്റൽ എന്നിങ്ങനെ 50000 ഓളം അപേക്ഷകളാണ് പ്രതിദിനം ഇവിടെ എത്തുന്നത്. ലൈസൻസ് ലഭിക്കാതായതോടെ വിദേശത്ത് പോകാനിരുന്നവർ വരെ പ്രതിസന്ധിയിലായി.
വണ്ടിക്കച്ചവടം തൃശങ്കുവിൽ
ആർ.സി ബുക്ക് വിതരണം നിലച്ചതോടെ പല കച്ചവടങ്ങളും പ്രതിസന്ധിയിലായി. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങിയ ശേഷം ആർ.സി ബുക്ക് ഹാജരാക്കിയാൽ മാത്രമേ വായ്പ ലഭിക്കൂ.
വണ്ടി വില്പന മേഖല വലിയ പ്രതിസന്ധിയിലാണ്. ഒറിജിനൽ ആർ.സി ബുക്കില്ലാതെ ഫിനാൻസ് കമ്പനികൾ ലോൺ തരില്ല. ഇതിന് സർക്കാർ പരിഹാരം കാണണം.
എ.ജെ. റിജാസ്
കോൺട്രാക്ട് കാര്യേജ് ഓപ്പററ്റേഴ്സ് അസോസിയേഷൻ
ജില്ലാ പ്രസിഡന്റ്