lab

കൊച്ചി: സംസ്ഥാനത്തെ ജലഗുണനിലവാര പരിശോധനയ്ക്കാൻ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ 299 ലാബുകൾ കൂടി സജ്ജമാകുന്നു. വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ ഹയർസെക്കൻഡറി സ്‌കൂളുകളിലെ രസതന്ത്ര ലാബുകളോടനുബന്ധിച്ചാണ് ജല ഗുണനിലവാര ലാബുകൾ സ്ഥാപിക്കുന്നത്.
മലപ്പുറത്ത് ഒഴികെ മറ്റെല്ലാ ജില്ലകളിലും പദ്ധതി തുടങ്ങിക്കഴിഞ്ഞു. 13 ജില്ലകളിലായി 207 ലാബുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. പരിശോധന സൗജന്യമായാണ് . കോളിഫോം ബാക്ടീരിയയുടെയും ഫ്ലൂറൈഡിന്റെയും സാന്നിദ്ധ്യവും പി.എച്ച് മൂല്യവും നിർണയിച്ച് ഹെൽത്ത് കാർഡ് നല്കും. അനുവദനീയമായ അളവിൽ കൂടുതലാണെങ്കിൽ വിദഗ്ദ്ധ പരിശോധനയ്ക്കായി ജല അതോറിട്ടിയുടെ ലാബുകളിലേയ്ക്ക് റഫർ ചെയ്യും.
ഓരോ പഞ്ചായത്തിലും ഒരു സ്‌കൂളിലാണ് ലാബ്. സ്‌കൂളിലെ ശാസ്ത്രാദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകിയിട്ടുണ്ട്. എം.എൽ.എ ഫണ്ടും പഞ്ചായത്തുകളുടെ ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ചവയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായുള്ള 311 ലാബുകൾ റീബിൾഡ് കേരള ഇനിഷ്യേറ്റീവിന്റെ സഹായത്തോടെയാണ് ചെയ്യുന്നത്.

പരിശോധിച്ചത് 22623 സാമ്പിൾ

സംസ്ഥാനത്തെ 207 ലാബുകളിലായി ഇതുവരെ 22,623 സാമ്പിളുകളാണ് പരിശോധിച്ചത്. തിരുവനന്തപുരം 1379, കൊല്ലം 985, ആലപ്പുഴ 55, ഇടുക്കി 1693, തൃശ്ശൂർ14356, പാലക്കാട് 176, കോഴിക്കോട് 1770, കണ്ണൂർ 1564, കാസർകോട് 143 എന്നീ ജില്ലകളിലാണ് ഇതുവരെ പരിശോധനകൾ നടത്തിയത്. വേനൽക്കാലത്ത് ശുദ്ധജല ലഭ്യത കുറയുന്നതിനാൽ ജല മലിനീകരണത്തിനുള്ള സാദ്ധ്യത കൂടുതലാണ്. ഇത് പകർച്ചവ്യാധികൾ വർദ്ധിക്കാൻ ഇരയാക്കുമെന്നതിനാലാണ് പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്തെ 60 ലക്ഷത്തിലധികം വരുന്ന കിണറുകളിലെ ജലം പരിശോധിച്ച് കുടിക്കാൻ യോഗ്യമാണോയെന്ന് നിശ്ചയിക്കുന്നതിനുള്ള പദ്ധതിയാണിത്.

ജില്ല, സ്ഥാപിച്ച ലാബുകൾ, നിർമ്മാണം നടക്കുന്നത്, ആകെ
തിരുവനന്തപുരം ............13...... 0........ ...13
കൊല്ലം...................................11.......0.............11
പത്തനംതിട്ട........................ 0.......57..........57
ആലപ്പുഴ...............................22..... 56.........78
കോട്ടയം...............................0........ 69.........69
ഇടുക്കി.................................35.......18..........53
എറണാകുളം...................0.........75..........75
തൃശൂർ................................54........ 0...........54
പാലക്കാട്..........................10..........13........23
കോഴിക്കോട്...................29..........0.........29
വയനാട്............................0............11.........11
കണ്ണൂർ..............................21.......... 0......... 21
കാസർകോട്................12............0.........12

ഒരു പഞ്ചായത്തിൽ ഒരു ലാബ് ഒരുക്കുകയെന്നതാണ് ലക്ഷ്യം. നിലവിൽ 299 ലാബുകളുടെ നിർമ്മാണം നടന്നുവരുകയാണ്

ആർ.വി. സതീഷ്

സ്റ്റേറ്റ് പ്രോഗ്രാം മാനേജർ

ജലവിഭവം

ഹരിത കേരളം മിഷൻ