fod

കോലഞ്ചേരി: പ്രഖ്യാപനങ്ങൾ പാഴ് വാക്കാവുന്നതോടെ ക്ഷീരമേഖലയോടുള്ള അവഗണനയിൽ പൊറുതിമുട്ടി കർഷകർ. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനയും പാൽവിലയിൽ വർദ്ധനവില്ലാത്തതും കാലിത്തീ​റ്റ ഉൾപ്പെടെയുള്ള സാമഗ്രികൾക്ക് അടിക്കടി വില വർദ്ധിക്കുന്നതും കർഷകർക്കു തിരിച്ചടിയാവുന്നു.

 വർദ്ധിച്ച് ഇൻഷ്വറൻസ് പ്രീമിയം

കന്നുകാലികളുടെ ഇൻഷ്വറൻസിന് പ്രീമിയം തുക വർദ്ധിപ്പിച്ചതും ക്ഷീര കർഷകർക്കുണ്ടായിരുന്ന ഇൻഷ്വറൻസ് പരിരക്ഷ വെട്ടിക്കുറച്ചതും പ്രതിസന്ധി രൂക്ഷമാക്കി. ഒരു ലക്ഷം രൂപയ്ക്കുള്ള ഇൻഷ്വറൻസിന് പ്രീമിയമായി 3,000 രൂപ വരെയാണ് പുതുക്കിയ തുക. ഇതോടൊപ്പം ക്ഷീര ഗ്രൂപ്പ് ഇൻഷ്വറൻസ് പരിരക്ഷയ്ക്കുള്ള പ്രീമിയം തുക വർദ്ധിപ്പിച്ചതും
മേഖലയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടുകയാണ്.

വാഗ്ദാനങ്ങൾ പാഴായി

ക്ഷീരമേഖലയുടെ പ്രതിസന്ധിക്കു പരിഹാരം കാണാൻ പാൽവില വർദ്ധിപ്പിക്കണമെന്ന ദീർഘനാളത്തെ ആവശ്യത്തിന് ഒടുവിൽ പരിഹാരമുണ്ടായത് ഒരു വർഷം മുമ്പാണ്. ലിറ്ററിന് 6 രൂപയോളം വർദ്ധിപ്പിച്ചു. ഇതോടൊപ്പം കാലിത്തീ​റ്റ വില വർദ്ധിപ്പിക്കില്ലെന്ന ഉറപ്പും മന്ത്റി നൽകിയിരുന്നു. എന്നാൽ പാൽ വില വർദ്ധനയ്ക്ക് പിന്നാലെ 2 വട്ടമാണ് കാലിത്തീ​റ്റ വില വർദ്ധിപ്പിച്ചത്. ഇപ്പോൾ 50 കിലോ ചാക്ക് കാലിത്തീ​റ്റയ്ക്ക് 1550 രൂപ വരെ വില നൽകേണ്ട സാഹചര്യമാണ്. പാൽവില വർദ്ധനയ്ക്കു ശേഷം കർഷകനു ലഭിക്കുന്ന ശരാശരി വില ലി​റ്ററിന് 40 മുതൽ 44 രൂപ വരെയാണ്. 10 ലി​റ്റർ പാൽ ലഭിക്കുന്ന പശുവിന് ഒരു നേരം 4 കിലോ കാലിത്തീ​റ്റ നൽകണം. ഇതോടൊപ്പം സമീകൃതാഹാരമായ കടലപ്പിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക്, പരുത്തിക്കുരു, കാത്സ്യം പൊടി ഉൾപ്പെടെ 250 രൂപയോളം ചെലവ് വേറെയാവും.

 പച്ചപ്പുൽ ക്ഷാമം

വേനൽ ആരംഭിച്ചതോടെ പച്ചപ്പുല്ലിന് ഷാമമായി. ഒരു കിലോയ്ക്ക് 11 രൂപയാണ് വില. 10 ലി​റ്റർ പാൽ സൊസൈ​റ്റിയിൽ നൽകിയാൽ ചെലവ് കഴിഞ്ഞ ലഭിക്കുന്ന പരമാവധി വില 200 രൂപയാണ്. ഇതു കൊണ്ട് കുടുംബം കഴിഞ്ഞു പോകില്ലെന്നാണ് കർഷകർ പറയുന്നത്.