 
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി മനോജ് മൂത്തേടൻ അധികാരമേറ്റു. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. കോൺഗ്രസിലെ ധാരണപ്രകാരം ഉല്ലാസ് തോമസ് രാജിവച്ചതിനെ തുടർന്നാണ് മനോജിനെ തിരഞ്ഞെടുത്തത്.
ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളിൽ വെള്ളിയാഴ്ച രാവിലെ 11 ന് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ അദ്ദേഹം 16 വോട്ടുകൾ നേടി. ജില്ലാ കളക്ടറായിരുന്നു വരണാധികാരി. എതിർ സ്ഥാനാർത്ഥി എൽ.ഡി.എഫിലെ എ.എസ് അനിൽ കുമാറിന് ഒമ്പത് വോട്ടുകളാണ് ലഭിച്ചത്. രണ്ട് ട്വന്റി 20 അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. ജില്ലാ പഞ്ചായത്ത് കോടനാട് ഡിവിഷൻ അംഗമാണ് മനോജ് മൂത്തേടൻ.
ബെന്നി ബെഹനാൻ എം.പി., എം.എൽ.എമാരായ എൽദോസ് പി. കുന്നപ്പിള്ളി, ഉമ തോമസ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു സ്ഥാനരോഹണം. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ എസ്. ബിന്ദു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ് ഷിനോ എന്നിവർ നേതൃത്വം നൽകി.
വലിയ ഉത്തരവാദിത്വം, നീതിപുലർത്തും: മനോജ് മൂത്തേടൻ
ഏറ്റെടുക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ മനോജ് മൂത്തേടൻ പറഞ്ഞു. പ്രവർത്തനത്തിൽ നൂറു ശതമാനം നീതിപുലർത്തും.
മുൻ പ്രസിഡന്റ് ഉല്ലാസ് തോമസ് മികച്ച രീതിയിലാണ് ജില്ലാ പഞ്ചായത്തിനെ നയിച്ചത്. അത് തുടരുകയെന്നതാണ് തന്റെ മുന്നിലുള്ള വെല്ലുവിളി. പരമാവധി ആത്മാർത്ഥതയോടെ മുന്നോട്ടുപോകും. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ പ്രത്യേക ശ്രദ്ധ നൽകുമെന്നും അദ്ദേഹം പറഞ്ഞു.