fg

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ പാർലമെന്റ് ഉദ്ഘാടനത്തേക്കാൾ വിപുലമായ തോതിൽ കേന്ദ്രസർക്കാരും ബി.ജെ.പിയും കൊണ്ടാടുകയാണ്. രാമക്ഷേത്രം 1986 മുതൽക്കെങ്കിലും പാർട്ടിയുടെ അജണ്ടയിലുള്ളതാണ്; അതു നിർമ്മിക്കാൻ എൽ.കെ.അദ്വാനി മുതൽ ഇങ്ങോട്ടുള്ള സകല നേതാക്കളും പ്രതിജ്ഞാബദ്ധരും ആയിരുന്നു. അതിനുവേണ്ടിയാണ് 1991ൽ അദ്വാനി രഥയാത്ര നടത്തിയതും വി.പി.സിംഗ് മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ചതും. സംസ്ഥാനത്ത് ആഞ്ഞടിച്ച രാമതരംഗമാണ് 1991ൽ യു.പിയിൽ ബി.ജെ.പിക്ക് കേവലഭൂരിപക്ഷം നല്കിയതും കല്യാൺസിംഗിനെ മുഖ്യമന്ത്രിയാക്കി വാഴിച്ചതും.

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന്റെ ആദ്യപടിയായി ബി.ജെ.പിയും ശിവസേനയും ചേർന്ന് 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്തു. തൊട്ടുപിന്നാലെ കല്യാൺസിംഗ് രാജിവച്ചു. രാജ്യത്ത് പലഭാഗങ്ങളിലും വർഗീയ ലഹളകളുണ്ടായി. നിരപരാധികളായ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു. കോടിക്കണക്കിനു രൂപയുടെ വസ്തുവകകൾ നശിപ്പിക്കപ്പെട്ടു. നിരവധി ആരാധനാലയങ്ങളും തകർക്കപ്പെട്ടു. കേന്ദ്രസർക്കാർ ബി.ജെ.പിക്കാരായ രാജസ്ഥാൻ, ഹിമാചൽ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രിമാരെ ഡിസ്മിസ് ചെയ്തു. രാമശിലാ പൂജകളും തർക്കവസ്തുവിലെ ശിലാന്യാസവും മസ്ജിദ് ധ്വംസനവും വഴി കാലാന്തരത്തിൽ ബി.ജെ.പിയുടെ അംഗബലം വർദ്ധിച്ചു. 1996ൽ ലോക്‌സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി, 1998ലും 99ലും അവർ കൂട്ടുകക്ഷി സർക്കാരുണ്ടാക്കി.

ആരാധന,

അധികാരം

2014ൽ ബി.ജെ.പിക്ക് കേവലഭൂരിപക്ഷം ലഭിച്ചു; 2019ലും അതാവർത്തിച്ചു. തർക്കഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് 1961 മുതൽ സിവിൽകേസ് ഉണ്ടായിരുന്നു. വസ്തുവിന്റെ മൂന്നിലൊരു ഭാഗം മുസ്ലിങ്ങൾക്കും ബാക്കി ഹിന്ദുക്കൾക്കുമായി വിഭജിക്കാൻ 2010 സെപ്റ്റംബർ 30ന് അലഹബാദ് ഹൈക്കോടതിയുടെ ഫുൾബെഞ്ച് വിധിച്ചു. അപ്പീലിൽ സുപ്രീം കോടതി അതു റദ്ദാക്കി. പള്ളി പൊളിച്ചതു തെറ്റാണ് , ക്രിമിനൽ കുറ്റമാണ് എങ്കിൽപ്പോലും വസ്തു മുഴുവൻ ക്ഷേത്രത്തിനു നല്കാനും മുസ്ലിങ്ങൾക്ക് പള്ളിയുണ്ടാക്കാൻ നഗരപരിധിയിൽ മറ്റെവിടെയെങ്കിലും അഞ്ച് ഏക്കർ സ്ഥലം കൊടുക്കാനുമായിരുന്നു വിധി.

2019 നവംബർ -9ാം തീയതിയിലെ വിധിയോടെ വ്യവഹാരപർവം അവസാനിച്ചു. ക്ഷേത്രനിർമ്മാണത്തിനുള്ള സകല തടസവും നീങ്ങി. പിന്നീടങ്ങോട്ട് കാര്യങ്ങൾ സുഗമമായി മുന്നോട്ടുപോയി. കോൺഗ്രസടക്കം രാജ്യത്തെ മതേതര-പുരോഗമന- നവോത്ഥാന രാഷ്ട്രീയ കക്ഷികളൊക്കെ വിധിയിൽ നിരാശ പ്രകടിപ്പിച്ചെങ്കിലും ആരും പരസ്യമായി പ്രതിഷേധിച്ചില്ല. കോടതിവിധി എന്തുതന്നെയായാലും മാനിക്കുമെന്ന് മുസ്ലിം സമുദായ സംഘടനകൾ നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. അവർ ആ തീരുമാനത്തിൽ ഉറച്ചുനില്ക്കുകയും ചെയ്തു.

രാഷ്ട്രീയ

തിരക്കഥ

ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം 2024ലെ തിരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തേണ്ടത് അനിവാര്യമാണ്. അങ്ങനെ ഹിന്ദുവികാരം ആളിക്കത്തിക്കാമെന്നും അതുവഴി വിജയം സുനിശ്ചിതമാക്കാമെന്നും അവർ കരുതുന്നു. പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി 11 ദിവസത്തെ വ്രതം ദീക്ഷിക്കുന്നു എന്നതിൽ നിന്നുതന്നെ അതിന്റെ രാഷ്ട്രീയസ്വഭാവം സുവ്യക്തമാണ്. പ്രതിപക്ഷ പാർട്ടികൾ സ്വാഭാവികമായും വെട്ടിലായി. പ്രതിഷ്ഠാകർമ്മത്തിൽ പങ്കെടുത്താൽ മതേതര പാരമ്പര്യം കളങ്കിതമാകും. അതിലുപരി മുസ്ലിം ന്യൂനപക്ഷം തെറ്റിദ്ധരിക്കും. പങ്കെടുത്തില്ലെങ്കിൽ ബി.ജെ.പി ദുഷ്പ്രചാരണം കൊഴുപ്പിക്കും; രാമഭക്തന്മാർ പ്രകോപിതരാകും.

സി.പി.എം പങ്കെടുക്കില്ലെന്ന് ആദ്യമേ തീരുമാനിച്ചു. കോൺഗ്രസ് അടക്കമുള്ള മതേതര പാർട്ടികൾ ആലോചിച്ചാലോചിച്ച് ആദ്യതീരുമാനത്തിൽ തന്നെ ചെന്നെത്തി. പള്ളി പൊളിച്ചിടത്ത് അമ്പലം പണിതതുകൊണ്ട് തങ്ങൾ ബഹിഷ്‌കരിക്കുന്നു എന്ന് ഒരു പാർട്ടിയും പറഞ്ഞില്ല. പകരം ബി.ജെ.പി ചടങ്ങിനെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കും, അതുകൊണ്ട് ഈ പ്രതിഷ്ഠാകർമ്മത്തിൽ നിന്ന് വിട്ടുനില്ക്കും എന്ന തത്വാധിഷ്ഠിത നിലപാടാണ് കൈക്കൊണ്ടത്.

മോദിയുടെ

മനോരാജ്യം

ശ്രീരാമദേവന്റെ അനുഗ്രഹത്താൽ വടക്കേഇന്ത്യ മുഴുവൻ തൂത്തുവാരാം, 350-നും 400-നും ഇടയിൽ സീറ്റുകൾ നേടി അധികാരം നിലനിറുത്താം എന്നാണ് നരേന്ദ്രമോദിയുടെ മനോരാജ്യം. അതിനുവേണ്ട സാമൂഹിക, സാമുദായിക, രാഷ്ട്രീയ സാഹചര്യം ബി.ജെ.പിയും ആർ.എസ്.എസും കൂടി ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്. മാദ്ധ്യമങ്ങളുടെയും വ്യവസായികളുടെയും അകമഴിഞ്ഞ പിന്തുണയുമുണ്ട്. രാമവികാരം അത്രതന്നെ പ്രബലമല്ലാത്ത തെന്നിന്ത്യയിലും ഒരുകൈ നോക്കാൻ തന്നെയാണ് അവർ തീരുമാനിച്ചിട്ടുള്ളത്. അതുകൊണ്ടാണ് കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ വരെ അവർ അക്ഷതം വിതരണം ചെയ്തതും അയോദ്ധ്യയിലെ പ്രതിഷ്ഠയുടെ നോട്ടീസ് എത്തിച്ചതും.

ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം കഴിഞ്ഞ് പ്രധാനമന്ത്രി ഹെലികോപ്ടറിൽ തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചേതോവികാരവും മറ്റൊന്നല്ല. ബാബറി മസ്ജിദ് തകർത്ത 1992 ഡിസംബറിലെ സാമുദായിക അന്തരീക്ഷമല്ല 2024-ൽ കേരളത്തിൽപ്പോലും ഉള്ളത്. നായർ സർവീസ് സൊസൈറ്റിയും എസ്.എൻ.ഡി.പി യോഗവും യോഗക്ഷേമസഭയും ധീവരസഭയുമൊക്കെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയെ അഹമഹമികയാ സ്വാഗതം ചെയ്യുന്നു. മുസ്ലിം സംഘടനകളും അവരുടെ മാനേജ്‌മെന്റിലുള്ള പത്രങ്ങളും സ്വാഭാവികമായും ദു:ഖിതരാണ്. അബ്ദുൽ നാസർ മഅ്ദനിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ഒഴികെ ആരും പരസ്യപ്രതിഷേധം പ്രഖ്യാപിച്ചിട്ടില്ല. അതേസമയം സൈബർ ഗുണ്ടകൾ സകല നിയന്ത്രണങ്ങളും ലംഘിച്ച് അഴിഞ്ഞാടുന്നുണ്ട്. ഗായിക കെ.എസ്.ചിത്രയ്‌ക്കെതിരെ നടക്കുന്ന ദുഷ്പ്രചരണം അതിന് ഒന്നാന്തരം ദൃഷ്ടാന്തമാണ്. പൊതുസമൂഹത്തിൽ വെറുപ്പും വിദ്വേഷവും വർദ്ധിപ്പിക്കാം; നിലവിലെ സാമുദായിക ധ്രുവീകരണം കൂടുതൽ രൂക്ഷമാക്കാം എന്നല്ലാതെ അതുകൊണ്ട് ഒരു പ്രയോജനവുമില്ല എന്നുമാത്രം.