തോപ്പുംപടി: കൊച്ചി കോസ്റ്റൽ ഹൈവേ നിർമ്മാണത്തിന് മുന്നോടിയായി സാമൂഹ്യാഘാത പഠനം നടത്താനുള്ള സർക്കാർ വിജ്ഞാപനമായതായി കെ. ജെ. മാക്സി എം.എൽ.എ അറിയിച്ചു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ സോഷ്യോ എക്കണോമിക്സ് ആൻഡ് എൻവിയോൺമെന്റ് സ്റ്റഡീസ് എന്ന സ്ഥാപനത്തെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്. മൂന്നുമാസ കാലയളവിനകം പഠനം പൂർത്തീകരിച്ച് ചട്ടപ്രകാരമുള്ള പദ്ധതി റിപ്പോർട്ട് സമർപ്പിക്കുവാനും വിജ്ഞാപനത്തിൽ നിർദ്ദേശം നൽകിയിട്ടുള്ളതായി എം.എൽ.എ വ്യക്തമാക്കി. കൊച്ചി നിയോജക മണ്ഡലത്തിലെ ചെല്ലാനം, കുമ്പളങ്ങി, പള്ളുരുത്തി, രാമേശ്വരം, ഫോർട്ട് കൊച്ചി എന്നീ വില്ലേജുകൾ ഉൾപ്പെടെ ജില്ലയിലെ 12 വില്ലേജുകളിലായി ആകെ 58.40 ഹെക്ടർ ഭൂമിയാണ് കോസ്റ്റൽ ഹൈവേ റീച്ച് ഒന്നിന്റെ നിർമ്മാണത്തിന് ആവശ്യം.