പറവൂർ: ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് പച്ചക്കറി കൃഷി വ്യാപകമാക്കുന്നതടക്കമുള്ള സുപ്രധാന ചുവടുവയ്പ്പുകളുമായി പറവൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ. കുറഞ്ഞ ചെലവിൽ കാലിത്തീറ്റ ലഭ്യമാക്കി കാലി വളർത്തൽ, കോഴിവളർത്തൽ എന്നിവയുടെ പ്രോത്സാഹനം ഉറപ്പാക്കാനും സെമിനാറിൽ നിർദ്ദേശമുയർന്നു. മുട്ട, പാൽ എന്നിവയുടെ ലഭ്യതയിൽ സ്വയംപര്യാപ്തത നേടും. ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രീകരിച്ച് ഐ.ടി സ്റ്റാർട്ടപ്പ് കേന്ദ്രം, അഞ്ച് വർഷം കൊണ്ട് ഭവനരഹിതരായ 500 പേർക്ക് വീട്, ലൈഫ് ഭവനപദ്ധതിയുടെ സഹകരണത്തോടെ ഭൂരഹിതരായ മുഴുവൻ പേർക്കും ഭൂമി, അഞ്ച് വർഷത്തിനുള്ളിൽ എല്ലാ അങ്കണവാടികൾക്കും സ്വന്തം കെട്ടിടം, സ്ത്രീകൾക്ക് ഹോസ്റ്റൽ സംവിധാനം, പട്ടികജാതി-വർഗ വികസനവും ക്ഷേമവും ലക്ഷ്യമാക്കിയുള്ള പദ്ധതികൾ തുടങ്ങി നിരവധി നിർദേശങ്ങൾ കരട് പദ്ധതി രേഖയിലുണ്ട്. ബ്ളോക്ക് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗാന അനൂപ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ശാന്തിനി ഗോപകുമാർ, രശ്മി അനിൽകുമാർ, ലീന വിശ്വൻ, കെ.എസ്. ഷാജി, എം.എസ്. രതീഷ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.എ. ജോർജ് ബാസ്റ്റിൻ, സെക്രട്ടറി പി.വി. പ്രതീക്ഷ എന്നിവർ സംസാരിച്ചു.