
ഡ്രൈവറെ മാറ്റാതെ പഞ്ചായത്ത് ജീപ്പിൽ കയറില്ലെന്ന് പ്രസിഡന്റിന്റെ ശപഥം
തൃപ്പൂണിത്തുറ: ഡ്രൈവറുമായി ഉടക്കി പഞ്ചായത്തിന്റെ വാഹനം ഉപയോഗിക്കില്ലെന്ന് പ്രസിഡന്റിന്റെയും ഭരണകക്ഷി അംഗങ്ങളുടെയും ശപഥം. ജീപ്പും ഡ്രൈവറും ഒരു വർഷമായി കാര്യമായ ഓട്ടമില്ലാതെ കിടക്കുന്നു. ഉദയംപേരൂർ പഞ്ചായത്തിലാണ് സിനിമയെ വെല്ലുന്ന കോമഡി സംഭവങ്ങൾ അരങ്ങേറുന്നത്. സി.പി.എം ഭരിക്കുന്ന പഞ്ചായത്തിന്റെ ബൊലേറോ വാഹനത്തിന്റെ താത്കാലിക ഡ്രൈവറും സജീവ സി.പി.എമ്മുകാരനാണ്. ഒരു വർഷം മുമ്പ് ഭരണസമിതിയും മുൻസെക്രട്ടറിയും തമ്മിൽ വിവാദങ്ങൾ സൃഷ്ടിച്ച പോരു നടന്നപ്പോൾ ഡ്രൈവർ സുധീർ സെക്രട്ടറിക്കൊപ്പം നിന്നതാണ് ഉടക്കിന് കാരണം. പഞ്ചായത്തിന്റെ വിളിപ്പാടകലെയാണ് ഇദ്ദേഹത്തിന്റെ വീട്. സഹോദരൻ പ്രാദേശിക സി.പി.എം നേതാവാണ്. ഭാര്യ വികലാംഗയാണ്.
ഡ്രൈവറെ പിരിച്ചുവിടാനുള്ള നിയമയുദ്ധം പാളിയതോടെയാണ് ഇദ്ദേഹം ഓടിക്കുന്ന ബൊലേറോയിൽ കയറില്ലെന്ന് പ്രസിഡന്റ് സജിത മുരളി കഴിഞ്ഞ ജനുവരി 28ന് പ്രഖ്യാപിച്ചത്. തദ്ദേശ വകുപ്പിന്റെ പദ്ധതി നടത്തിപ്പിന് അസി. എൻജിനിയർ ഉപയോഗിക്കുന്ന കരാർ വാഹനത്തിലാണ് ചട്ടംലംഘിച്ച് ഇപ്പോൾ ഭരണപക്ഷക്കാരുടെ അത്യാവശ്യ സഞ്ചാരം. ചിലർ പഞ്ചായത്ത് കരാറുകാരുടെ വാഹനങ്ങളെയും ആശ്രയിക്കുന്നുണ്ട്. പ്രസിഡന്റിന്റെ സഞ്ചാരം കൂടുതലും സ്വന്തം സ്കൂട്ടറിലാണ്. സെക്രട്ടറിയാണ് ജീപ്പിന്റെ കസ്റ്റോഡിയനെങ്കിലും പ്രസിഡന്റുമാരാണ് സാധാരണ പഞ്ചായത്തിന്റെ ജീപ്പ് ഉപയോഗിക്കാറ്.
പഞ്ചായത്തിന്റെ 2020 മോഡൽ ബൊലേറോ ഷെഡിൽ മിക്കവാറും സമയം വെറുതേ കിടപ്പാണ്. വല്ലപ്പോഴും സെക്രട്ടറിയോ ഓഫീസ് അസിസ്റ്റന്റോ ഉപയോഗിച്ചാലായി.
മുൻസെക്രട്ടറി മുഹമ്മദ് ഹാഷിമും ഇടത് അനുഭാവിയായിരുന്നു. മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് ഭരണപക്ഷം സമർപ്പിച്ച ബില്ലിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി നിരസിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിനെതിരെ ഓഫീസ് കൈയേറി സമരവും അക്രമവും പൊലീസ് കേസുകളുമുണ്ടായി. അന്ന് ഭരണസമിതിയുടെ നിർദ്ദേശം മറികടന്ന് ഡ്രൈവർ സെക്രട്ടറിക്ക് താക്കോൽ കൈമാറിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.
15 വർഷമായി പഞ്ചായത്തിൽ താത്കാലിക ഡ്രൈവറാണ് സുധീർ. പ്രസിഡന്റിന്റെ ശപഥത്തെ തുടർന്ന് ഡ്രൈവറെ പിരിച്ചുവിടാൻ ഭരണസമിതി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഫലിച്ചിട്ടില്ല. താത്കാലിക ഡ്രൈവറുടെ നിയമനം ക്രമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 'ചിലർ' ഹൈക്കോടതിയെ സമീപിച്ചപ്പോൾ സ്ഥിരം ഡ്രൈവറെ നിയമിക്കാനുള്ള നടപടികൾ ആരംഭിക്കാൻ ഉത്തരവായി. സ്ഥിരനിയമനം വരെ ഇയാളെ തുടരാൻ അനുവദിക്കണമെന്നായിരുന്നു അപ്പീലിൽ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സ്ഥിരം നിയമനം നടത്തേണ്ടത് സർക്കാരാകയാൽ പ്രസിഡന്റും കൂട്ടരും വിചാരിച്ച പോലെ കാര്യങ്ങൾ നീങ്ങുന്നില്ല. ഭരണപക്ഷത്തെയും ഘടകകക്ഷിയായ സി.പി.ഐയിലെയും പലർക്കും ഈ നിലപാടിൽ എതിർപ്പുണ്ട്. പ്രസിഡന്റ് പ്രതികരിക്കാൻ തയ്യാറായില്ല.
പ്രസിഡന്റിന്റെയും ഭരണസമിതിയുടെയും തരംതാണ നടപടി പഞ്ചായത്ത് സംവിധാനത്തെ അവഹേളിക്കലും പഞ്ചായത്തിന്റെ കാര്യക്ഷമതയെ ഇല്ലായ്മ ചെയ്യുന്നതുമാണ്.
എം.പി.ഷൈമോൻ,
യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ്