കൊച്ചി: വീട്ടിലേക്കും വ്യാപാരസ്ഥാപനത്തിലേക്കും തടസമില്ലാത്ത പ്രവേശനം പൗരൻമാരുടെ മൗലികമായ ആവശ്യമാണെന്ന് ഹൈക്കോടതി. പ്രവേശനം തടയുന്ന വിധം വാഹനപാർക്കിംഗ് അടക്കമുണ്ടായാൽ അധികൃതർ നീക്കം ചെയ്യേണ്ടതാണെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. മറ്റൊരാളുടെ കെട്ടിടത്തിന് മുന്നിലെ പാർക്കിംഗ് തന്റെ വീട്ടിലേക്കുള്ള പ്രവേശനം തടയുന്നുവെന്നാരോപിച്ച് ചേരാനെല്ലൂർ സെൻറ് മേരീസ് ചർച്ചിന് സമീപം താമസിക്കുന്ന എൻ.ജെ ജെയിംസ് നൽകിയ ഹർജിയിലാണ് നിരീക്ഷണം. ഹർജിക്കാരന്റെ വീടിന് മുന്നിലെ തടസങ്ങൾ എത്രയും വേഗം നീക്കാൻ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കോടതി നിർദേശവും നൽകി.
70 കഴിഞ്ഞ തന്നോട് ശത്രുതാമനോഭാവത്തോടെയാണ് കെട്ടിട ഉടമ പെരുമാറുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട നിയമ ലംഘനം അധികൃതരെ അറിയിച്ചിട്ടു നടപടിയുണ്ടായില്ലെന്നും ഹർജിക്കാരൻ ആരോപിച്ചു. എന്നാൽ, കെട്ടിട നിർമാണത്തേക്കുറിച്ചുള്ള പരാതി വസ്തുതാപരമല്ലെന്ന് പല അന്വേഷണത്തിലും തെളിഞ്ഞതാണെന്ന് എതിർ കക്ഷിയായ കെട്ടിട ഉടമ വാദിച്ചു. പൊലീസ് അന്വേഷണം നടത്തി പരാതി തീർപ്പാക്കിയതാണെന്ന മറുപടിയാണ് സർക്കാരും നൽകിയത്.
കെട്ടിട നിർമാണത്തെക്കുറിച്ചുള്ള പരാതിയിൽ സിവിൽ കോടതിയേയോ സർക്കാർ വകുപ്പുകളേയോ സമീപിക്കാൻ നിർദ്ദേശിച്ച ഹൈക്കോടതി, പാർക്കിംഗുമായി ബന്ധപ്പെട്ട ആവശ്യം തള്ളാനാകില്ലെന്നും വ്യക്തമാക്കി.