മൂവാറ്റുപുഴ: മൂവാറ്റുപുഴ - കടാതി-കാരക്കുന്നം ബൈപ്പാസിന് നിശ്ചയിച്ച പുതിയ അലൈൻമെന്റിൽ അതിർത്തി നിർണയിച്ച് കല്ലിടുന്ന ജോലികൾ പൂർത്തിയായി. കൊച്ചി - ധനുഷ്കോടി (എൻ.എച്ച് 85 ) പാതയിലെ

കാരക്കുന്നത്തു നിന്ന് ആരംഭിച്ച കല്ലിടൽ മൂവാറ്റുപുഴ നഗരസഭാ പ്രദേശത്തെ കടാതി എൻ.എസ്.എസ് ജംഗ്ഷന് സമീപം അവസാനത്തെ അടയാള കല്ല് സ്ഥാപിച്ചു. കല്ലിട്ട് തിരിച്ച സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ അടുത്ത ദിവസം തന്നെ ആരംഭിക്കും.

മാർച്ചിൽ തന്നെ റോഡ് നിർമ്മാണം ആരംഭിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ടെൻഡർ നടപടികളും പൂർത്തിയായെന്നാണ് സൂചന. നിർമ്മാണം നടക്കുന്ന സ്ഥലത്തെ ഇലക്ട്രിക് ലൈനുകൾ നീക്കം ചെയ്യുന്നതടക്കമുള്ള ജോലികളും ഉടൻ ആരംഭിക്കും. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി റോഡ് പൊതുജനങ്ങൾക്ക് തുറന്നുനൽകും. 1995ൽ പ്രഖ്യാപിച്ച കടാതി കാരക്കുന്നം ബൈപ്പാസ് പദ്ധതി മുന്നോട്ടുപോയിരുന്നില്ല. ഡീൻ കുര്യാക്കോസ് എം.പിയുടെ ഇടപെടലിനെ തുടർന്ന് നിർമ്മാണ തുക പൂർണമായും ചെലവഴിക്കാൻ കേന്ദ്ര സർക്കാർ തയാറായതോടെയാണ് പദ്ധതിക്കു വീണ്ടും ജീവൻ വച്ചത്. 760 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. 4 .300 കിലോമീറ്റർ വരുന്ന ബൈപ്പാസ് 30 മീറ്റർ വീതിയിലാണ് നിർമ്മിക്കുന്നത്.