കൊച്ചി: ആലുവ ശിവരാത്രി ഉ‌ത്സവത്തോടനുബന്ധിച്ച് മണപ്പുറത്ത് താത്കാലിക അമ്യൂസ്‌മെന്റ് പാർക്ക് സ്ഥാപിക്കുന്നെങ്കിൽ അതിനുള്ള എൻ.ഒ.സിക്കും ക്ലിയറൻസിനും നഗരസഭ കാലേകൂട്ടി പരിശോധിച്ച് നടപടിയെടുത്തണമെന്ന് ഹൈക്കോടതി. നടപടികൾ 'പതിനൊന്നാം' മണിക്കൂറിലാകരുതെന്നും കോടതി വ്യക്തമാക്കി.

തിടുക്കത്തിൽ സജ്ജമാക്കുന്ന തീംപാർക്കിലെ റൈഡുകൾ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാണിച്ച് ആലുവ സ്വദേശി എം.ബി. ശ്രീജിത്താണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞവർഷം തീം പാ‌ർക്കിന് അനുമതി നല്കിയത് ഉ‌ത്സവത്തലേന്ന് തിരക്കിട്ടാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഹർജി ഫെബ്രുവരി 12ന് വീണ്ടും പരിഗണിക്കും.