അങ്കമാലി: വഴിയോരത്ത് വാഹനത്തിൽ കച്ചവടം ചെയ്യുന്നയാളുടെ നഷ്ടപ്പെട്ട പണം തിരികെനൽകി യുവാവ് മാതൃകയായി. തുറവൂർ ജംഗ്ഷനിൽ വഴിയോരക്കച്ചവടം നടത്തിയ ചാലക്കുടി സ്വദേശി ജിബിന്റെ 15,250 രൂപയാണ് അജോ എന്ന യുവാവ് തിരികെ നൽകിയത്.

ജംഗ്ഷനിലെ വ്യാപാരത്തിനുശേഷം വ്യാഴാഴ്ച രാത്രി 9ന് മടങ്ങിയ ജിബിന്റെ പണം സൂക്ഷിച്ചിരുന്ന ബക്കറ്റ് വാഹനത്തിൽ നിന്ന് വീഴുകയായിരുന്നു. ജംഗ്ഷനിൽ കിടന്ന ബക്കറ്റ് അജോയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം കണ്ടത്. കച്ചവടം നടത്തിയയാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പഴവർഗങ്ങൾ വാങ്ങിയശേഷം പണം നൽകിയ ഗൂഗിൾ പേ നമ്പർ കണ്ടെത്തി അജോയുടെ സൃഹത്തുക്കളായ ആന്റണി തോമസ്, കെ.ജെ. സ്റ്റെഫിൽ എന്നിവരുടെ സഹായത്തോടെ ജിബിനെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് ജിബിൻ എത്തി പണം കൈപ്പറ്റുകയും ചെയ്തു.