
കൊച്ചി: കിഫ്ബി പുറത്തിറക്കിയ മസാലബോണ്ട് സംബന്ധിച്ച അന്വേഷണത്തിന് മുൻധനമന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ. തോമസ് ഐസക് 22ന് കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ ഹാജരാകാൻ വീണ്ടും നോട്ടീസ്. വിരട്ടാൻ നോക്കേണ്ടെന്നാണ് പുതിയ നോട്ടീസിനോട് തോമസ് ഐസക് പ്രതികരിച്ചത്. ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും കിഫ്ബിയിൽനിന്ന് നൽകിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
12ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും 21വരെ നേരത്തേ നിശ്ചയിച്ച പരിപാടികളുണ്ടെന്ന് പറഞ്ഞ് ഹാജരായില്ല. വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ചെന്നത് സംബന്ധിച്ചാണ് ഇ.ഡി അന്വേഷണം. ചട്ടങ്ങൾ ലംഘിച്ച് പണം വകമാറി ചെലവാക്കിയതിന് തെളിവുണ്ടെന്ന നിലപാടിലാണ് ഇ.ഡി. ഇ.ഡി ബുദ്ധിമുട്ടിപ്പിക്കുകയാണെന്ന് കാണിച്ച് കിഫ്ബിയും തോമസ് ഐസക്കും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.