ആലുവ: ജില്ലയിലെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച ചൂർണിക്കര പഞ്ചായത്തിൽ 22 ഡങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തു. പനി കൂടുതൽ വ്യാപിക്കാൻ സാദ്ധ്യതയുള്ളതിനാൽ പ്രതിരോധ നടപടികൾ ശക്തമാക്കാൻ പഞ്ചായത്ത് കമ്മിറ്റി തിരുമാനിച്ചു.
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും സന്ദർശനം ഊർജിതമാക്കും. ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുന്നവരുടെ പേരിൽ നടപടികളെടുക്കുമെന്ന് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അറിയിച്ചു. കൊതുകു വളരുന്ന സാഹചര്യങ്ങൾ പരിശോധന നടത്തി കണ്ടെത്താൻ പലരും അനുവദിക്കുന്നില്ലെന്നാണ് പ്രധാന പരാതി. കഴിഞ്ഞ ഏപ്രിൽ, മെയ് മാസങ്ങളിൽ ജില്ലാ മെഡിക്കൽ സംഘം രോഗം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ സന്ദർശിച്ച് വിലയിരുത്തിയിരുന്നു. മുട്ടം മേഖലയിൽ താമസസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതും മലിനജലം കെട്ടിക്കിടക്കുന്നതും കണ്ടെത്തിയിരുന്നു. 10,000 രൂപയോളം പിഴയും ചുമത്തിയിട്ടും സ്ഥിതിഗതികളിൽ മാറ്റമില്ലെന്നാണ് ആരോഗ്യ വിഭാഗത്തിൻെറ വിലയിരുത്തൽ.
കൊതുക് വളരുന്ന ഉറവിടങ്ങൾ നശിപ്പിക്കണമെന്ന് എല്ലാ കെട്ടിട ഉടമകളോടും പഞ്ചായത്ത് ആവശ്യപ്പെട്ടു. വാർഡുകളിൽ ഫോഗിംഗ്, പ്രചാരണ പരിപാടികൾ എന്നിവയും തീരുമാനിച്ചിട്ടുണ്ട്. വീടുകളിലെ മണി പ്ലാന്റ്, ഫ്രിഡ്ജുകളിലെ പിന്നിലെ ട്രേ തുടങ്ങിയവയിൽ കൊതുകുകൾ പെരുകുന്നതിനാൽ ഇക്കാര്യത്തിൽ ശ്രദ്ധപുലർത്തണമെന്നും പഞ്ചായത്ത് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകി.