ksrtc

കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നവീകരിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സെക്രട്ടറി ശർമിള മേരി ജോസഫും ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷും ബസ് സ്റ്റാൻഡും പരിസരവും സന്ദർശിച്ചു.

വൈറ്റില മൊബിലിറ്റി ഹബ്ബ് മോഡലിൽ നിർമ്മാണം ഫെബ്രുവരി ആദ്യവാരത്തിൽ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. കാരിക്കാമുറിയിലെ ഭൂമിയിൽ കെ.എസ്.ആർ.ടി.സി ബസുകൾക്കും സ്വകാര്യ ബസുകൾക്കും കയറാൻ കഴിയുന്ന രീതിയിൽ വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ അതേ മാതൃകയിലുള്ള കെട്ടിടം നിർമ്മിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

സംസ്ഥാന കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണച്ചുമതല. സ്മാർട്ട് സിറ്റി ബോർഡിന്റെ 12 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. പുതിയ സ്റ്റാൻഡിൽ ബസ് ഷെൽട്ടർ, യാത്രക്കാർക്ക് ബസ് കാത്തിരിക്കുന്നതിനുള്ള സൗകര്യം, ടോയ്‌‌ലറ്റ് തുടങ്ങിയവയും ഒരുക്കും. സ്വകാര്യ ബസുകൾക്കും വന്ന് പോകുന്നതിനുള്ള സംവിധാനം ഒരുക്കും.

ജില്ലാ വികസന കമ്മിഷണർ എം.എസ് മാധവിക്കുട്ടി, സി.എസ്.എം.എൽ ജനറൽ മാനേജർ ആർ. രാജി, എറണാകുളം വില്ലേജ് ഓഫീസർ എ. സത്യശീലൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.