കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭ ഏഴ് കോടി 43 ലക്ഷം രൂപയുടെ വാർഷിക പദ്ധതിക്ക് അംഗീകാരം നൽകി. ഇന്നലെ ചേർന്ന കൗൺസിൽ യോഗമാണ് പദ്ധതികൾ അന്തിമമായി അംഗീകരിച്ചത്.
കൃഷി, മൃഗസംരക്ഷണ മേഖലയിൽ 37.2 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെയും ഭിന്നശേഷിക്കാരുടെയും വനിതകളുടെയും വയോജനങ്ങളുടെയും കുട്ടികളുടെയും ക്ഷേമവും ആശുപത്രിയുടെ നടത്തിപ്പും ഉൾപ്പെടുന്ന സേവന മേഖലയ്ക്ക് 3. 51 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. കുടിവെള്ളം, സ്ട്രീറ്റ് ലൈറ്റ്, മറ്റ് നിർമ്മാണ പ്രവർത്തികൾ എന്നിവ അടങ്ങുന്ന പശ്ചാത്തല വികസന രംഗത്ത് മൂന്നു കോടി രൂപയുടെ പദ്ധതികൾക്ക് രൂപം നൽകി. പട്ടികജാതി വികസനത്തിന് 42 ലക്ഷം രൂപയും പട്ടികവർഗ വിഭാഗത്തിനായി 25 ലക്ഷം രൂപയും ചെലവഴിക്കും.
സർക്കാരിന്റെ വികസന ഫണ്ട് ഇനത്തിൽ 3. 58 കോടി രൂപയും റോഡ് , നോൺ റോഡ് മെയിന്റനസ് ഗ്രാന്റ് ഇനത്തിൽ 2. 85 കോടി രൂപയും ലഭിക്കും. സഫലം മാതൃത്വം എന്ന നൂതന പദ്ധതിയിലൂടെ പ്രസവാനന്തര ശുശ്രൂഷകൾക്ക് സൗജന്യമായി ആയുർവേദ മരുന്നുകൾ നൽകുന്നതിനും തൊഴിൽരഹിതരായ യുവതികൾക്ക്
സൗജന്യമായി ഡ്രൈവിംഗ് പരിശീലനം നൽകുന്നതിനും ആവശ്യമായ തുക നീക്കിവെച്ചിട്ടുണ്ട്.
കൂത്താട്ടുകുളം സർക്കാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് വിവിധ പദ്ധതികളിലായി 57 ലക്ഷം രൂപ വകയിരുത്തിട്ടുണ്ടെന്നും സർക്കാർ സ്കൂളുകളുടെ പരിപാലനത്തിന് 10 ലക്ഷം രൂപയുടെ പദ്ധതികൾ ആവിഷ്കരിച്ചതായും നഗരസഭാ ചെയർപേഴ്സൺ വിജയശിവൻ അറിയിച്ചു.