കൊച്ചി: കണ്ടല സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ സി.പി.ഐ മുൻ നേതാവും ബാങ്ക് പ്രസിഡന്റുമായിരുന്ന എൻ.ഭാസുരാംഗനെ ഒന്നാം പ്രതിയാക്കി ഇ.ഡി കുറ്റപത്രം സമർപ്പിച്ചു. മകൻ അഖിൽജിത്തും കുടുംബാംഗങ്ങളുമടക്കം ആറ് പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. അറസ്റ്റിലായ ഭാസുരാംഗനും രണ്ടാം പ്രതിയായ അഖിൽജിത്തും ജയിലിലാണ്.

ഭാസുരാംഗനും കുടുംബവും ചേർന്ന് 3.22 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന്

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പി.എം.എൽ.എ) പ്രവർത്തിക്കുന്ന പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കുടുംബാംഗങ്ങളുടെ പേരിൽ വ്യാജ വായ്പകൾ തരപ്പെടുത്തി തട്ടിയെടുത്ത പണം പ്രതികൾ പല ബിസിനസ് സംരംഭങ്ങളിലും നിക്ഷേപിച്ചു. ഭാസുരാംഗൻ ബിനാമി പേരിൽ കോടിക്കണക്കിന് രൂപ വായ്പയായി തട്ടിയെടുത്തെന്നും ഏഴായിരത്തോളം പേജുള്ള കുറ്റപത്രത്തിലുണ്ട്. 57 കോടിയുടെ നഷ്ടം ബാങ്കിനു സംഭവിച്ചതായി സഹകരണ രജിസ്ട്രാറുടെ അന്വേഷണത്തിൽ കണ്ടെത്തിയതും ചേർത്തിട്ടുണ്ട്. ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ സത്യവീർ സിംഗിന്റെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.