ജനറൽ ആശുപത്രിയിൽ പുതിയ ഡയാലിസിസ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
കൊച്ചി: വീടുകളിൽ തന്നെ ഡയാലിസിസ് ചെയ്യുന്നതിനുള്ള പെരിട്ടോണിയൽ ഡയാലിസിസ് പദ്ധതിക്ക് സർക്കാർ കൂടുതൽ പരിഗണന നൽകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിലെ പുതിയ ഡയാലിസിസ് ബ്ലോക്ക് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മൂന്ന് ഷിഫ്റ്റുകളിലായി 162 പേർക്ക് ഹീമോ ഡയാലിസിസ് ചെയ്യാൻ സാധിക്കും. വീടുകളിൽ തന്നെ ചെയ്യാൻ സാധിക്കുന്ന പെരിറ്റോണിയൽ ഡയാലിസിസിനും സൗകര്യം നൽകുന്നുണ്ട്. നിലവിൽ 650ലധികം രോഗികൾ പെരിറ്റോണിയൽ ഡയാലിസിസ് ചെയ്യുന്നുണ്ട്. അടുത്ത സാമ്പത്തിക വർഷം കൂടുതൽ തുക ഇതിനായി കണ്ടെത്തുമെന്നും സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പദ്ധതികൾ കൃത്യമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് സർക്കാർ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അസുഖങ്ങൾ വരുത്തിവയ്ക്കരുതെന്നും രോഗങ്ങൾക്കിടയാക്കുന്ന ജീവിതശൈലി പിന്തുടരരുതെന്നും ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത നടൻ മമ്മൂട്ടി പറഞ്ഞു.
ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.