കൊച്ചി: കേരള ഭൂപതിവ് ചട്ടത്തിൽ 1971ൽ കൊണ്ടുവന്ന ഭേദഗതിപ്രകാരം സർക്കാർ ഭൂമി കൈവശംസവച്ചിരിക്കുന്നവർക്ക് പട്ടയം അനുവദിക്കുന്നത് ഹൈക്കോടതി തടഞ്ഞു. 1964ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതിയിലൂടെ ഉൾപ്പെടുത്തിയ ചട്ടം അഞ്ച്, ഏഴ് എന്നിവയുടെ നിയമസാധുത ചീഫ് സെക്രട്ടറി വിശദീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

,,സർക്കാർ ഭൂമി കൈയേറിയവർക്കും പട്ടയത്തിന് വഴി വയ്ക്കുന്നതാണ് ഈ വകുപ്പുകളെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സി.പി.എം ഇടുക്കി ജില്ലാകമ്മിറ്റി അടക്കം കക്ഷി ചേർന്ന ഹർജിയിലാണ് കോടതിയുടെ സുപ്രധാന നടപടി. ഇടുക്കി ജില്ലയിലെ കൈയേറ്റങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് വൺ എർത്ത് വൺ ലൈഫ് സംഘടന നല്കിയ പൊതുതാത്പര്യ ഹർജിയാണിത്.

പൊതുതാത്പര്യത്തിനോ പൊതുലക്ഷ്യത്തിനോ വിരുദ്ധമായി ഭൂമി പതിച്ചു നല്കാൻ 1964ലെ ഭൂപതിവ്ചട്ടം അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പാട്ടാവകാശത്തിന് സമാനമായ അവകാശമില്ലാത്തവർക്ക് പട്ടയം നല്കുന്നത് ഇനിയൊരു തീരുമാനം വരെ വിലക്കിയത്. ഇടുക്കി കളക്ടർക്കും ബന്ധപ്പെട്ട അധികാരികൾക്കുമാണ് ഇക്കാര്യത്തിൽ കോടതി നിർദ്ദേശം . ഫലത്തിൽ ഈ ഉത്തരവ് സംസ്ഥാനത്തെ പട്ടയ വിതരണത്തെ ആകെ ബാധിച്ചേക്കും

കേരള ഭൂപതിവ് നിയമപ്രകാരം പട്ടയത്തിന് അപേക്ഷിക്കുന്നവ‌ർക്കാണ് ഉത്തരവ് ബാധകമാകുന്നത്.കൈവശമല്ലാത്ത ഭൂമിയുടെ കാര്യത്തിൽ പട്ടയ വിതരണത്തിന് തടസമില്ല. ഭൂമി നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്നവരും പട്ടയം ആവശ്യപ്പെട്ട് എത്തുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പട്ടയം ലഭിക്കുന്നതിനുള്ള യാതൊരു അവകാശവും ഇല്ലാത്തവരാണിത്. കൃഷി, വീട് തുടങ്ങി വലിയ പൊതുതാത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് സ‌ർക്കാരിന് ഭൂമി നല്കാൻ കഴിയുക.ഇതിനായാണ് 1964ൽ ഭൂ പതിവ് ചട്ടങ്ങൾക്ക് രൂപം നല്കിയത്. എന്നാൽ ചട്ടം അഞ്ചു പ്രകാരം കൈയേറിയ ഭൂമിയും എതിർപ്പുന്നയിച്ചിട്ടില്ലെങ്കിൽ പതിച്ചു നല്കാമെന്നാണ് വ്യവസ്ഥ.ഇത് വൈരുദ്ധ്യമാണെന്ന് ചൂണ്ടിക്കിട്ടിയാണ് ഹൈക്കോടതി ഉത്തരവ്.