
കൊച്ചി: കോളേജും ഹോസ്റ്റലും അനിശ്ചിതകാലത്തേയ്ക്ക് അടച്ചിട്ടും മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി സംഘർഷത്തിന് അയവില്ല. വ്യാഴാഴ്ച രാത്രി ഒരുസംഘം ഹോസ്റ്റൽ മുറി കുത്തിത്തുറന്ന് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് നിയാസിന്റെ സർട്ടിഫിക്കറ്റുകൾ തീയിട്ട് നശിപ്പിച്ചതായി കെ.എസ്.യു ആരോപിച്ചു. നിയാസിന്റെ മുറിയിൽ താമസിക്കുന്ന യൂണിറ്റ് ഭാരവാഹി ജുനൈസിന്റെ സർട്ടിഫിക്കറ്റുകളും കത്തിനശിച്ചിട്ടുണ്ട്. എസ്.എഫ്.ഐ പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് കെ.എസ്.യു ആരോപിച്ചു. എന്നാൽ ആരോപണം വ്യാജമാണെന്ന് എസ്.എഫ്.ഐ പ്രതികരിച്ചു.
കോളേജ് പ്രിൻസിപ്പൽ, ഹോസ്റ്റൽ വാർഡൻ, എറണാകുളം സെൻട്രൽ പൊലീസ് എന്നിവർക്ക് പരാതി നൽകിയതായി കെ.എസ്.യു അറിയിച്ചു. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി പി.എ.അബ്ദുൾ നാസറിന് കുത്തേറ്റതിന്റെ തിരിച്ചടിയായിട്ടാണ് തീയിടലെന്നാണ് പൊലീസ് കരുതുന്നത്.
അതേസമയം, അബ്ദുൾ നാസറിനെ കുത്തിയ കേസിലെ 11പ്രതികൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയിൽ ചികിത്സതേടിയ രണ്ടു പ്രതികൾ നീരീക്ഷണത്തിലാണ്. ആശുപത്രി വിട്ടാലുടൻ ഇവരെ അറസ്റ്റുചെയ്യും. വനിതാ നേതാക്കളടക്കമുള്ള കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവർത്തകരായ 14 പേരും കണ്ടാൽ അറിയാവുന്ന അഞ്ചു വിദ്യാർത്ഥികളുമാണ് ആകെ പ്രതികൾ. അറസ്റ്റിലായ എട്ടാം പ്രതിയും കോളേജിലെ മൂന്നാം വർഷ എൻവയൺമെന്റൽ കെമിസ്ട്രി വിദ്യാർത്ഥിയുമായ ഇജിലാലിനെ കോടതി ഇന്നലെ റിമാൻഡ് ചെയ്തു. ജില്ലയ്ക്കകത്തും പുറത്തുമായി വ്യാപക അന്വേഷമാണ് നടക്കുന്നത്. കൈവിരലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ നാസറിനെ വാർഡിലേക്ക് മാറ്രി.
കെ.എസ്.യു പ്രവർത്തകനും വെട്ടേറ്റു
ബുധനാഴ്ച രാത്രി നടന്ന സംഘട്ടനത്തിൽ കെ.എസ്.യു പ്രവർത്തകനും ഒന്നാം വർഷ ഫിലോസഫി വിദ്യാർത്ഥിയുമായ അമൽ ടോമിക്ക് വെട്ടേറ്റതായി കെ.എസ്.യു അറിയിച്ചു. മഹാരാജാസ് കോളേജിൽ യൂണിയൻ ജനറൽ സെക്രട്ടറിയുൾപ്പെടെയുള്ള എസ്.എഫ്.ഐ പ്രവർത്തകരാണ് അമലിനെ ആക്രമിച്ചതെന്നാണ് ആരോപണം. അമൽ ടോമി കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. അബ്ദുൽ നാസറിന് കുത്തേറ്റ കേസിലെ ഏഴാം പ്രതിയാണ് അമൽ.