
കൊച്ചി: മൂവാറ്റുപുഴയിൽ പ്രൊഫ.ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി സവാദിനെ 27വരെ എൻ.ഐ.എ കസ്റ്റഡിയിൽവിട്ടു. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഇന്നലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയത്. വിശദമായ ചോദ്യംചെയ്യലുകൾക്കും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വേണമെന്ന എൻ.ഐ.എയുടെ ആവശ്യം കോടതി അംഗീകരിച്ചു.
കഴിഞ്ഞദിവസം എറണാകുളം സബ്‌ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിൽ സവാദിനെ ടി.ജെ. ജോസഫ് തിരിച്ചറിഞ്ഞിരുന്നു. ഇതേത്തുടർന്ന് മുഖം മറയ്ക്കാതെയാണ് സവാദിനെ ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. ആക്രമണത്തിന്റെ ആസൂത്രകരെ സംബന്ധിച്ചും 13വർഷം ഒളിവിൽ കഴിയാൻ സഹായം നൽകിയവരെക്കുറിച്ചും സവാദിൽനിന്ന് വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എൻ.ഐ.എ. വിശദമായ ചോദ്യംചെയ്യലിനുശേഷം മൂവാറ്റുപുഴ നിർമ്മല പബ്ളിക് സ്കൂളിന് സമീപം കൈവെട്ടൽ നടന്ന സ്ഥലത്തുൾപ്പെടെ സവാദിനെ എത്തിച്ച് തെളിവെടുക്കും.