കൊച്ചി: ഓൾ ഇന്ത്യ ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷന്റെ (ഐ.ഐ.ഒ.ടി.എ) 61-ാമത് ദേശീയസമ്മേളനത്തിന് കൊച്ചിയിൽ തുടക്കമായി. കലൂരിലെ ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടി കേരള ലോകായുക്ത ചെയർമാനും സുപ്രീംകോടതി മുൻ ജസ്റ്റിസുമായ സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് സൗജന്യ ഭിന്നശേഷിനിർണയവും രക്ഷിതാക്കൾക്ക് പരിശീലനവും നൽകുന്ന ചിറക് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഉമ തോമസ് എം.എൽ.എ നിർവഹിച്ചു.

പതിനഞ്ചിലധികം രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ക്ഷണിക്കപ്പെട്ട പതിനഞ്ചോളം വിശിഷ്ടവ്യക്തികൾ സംസാരിക്കും. മുപ്പതോളം വിദ്യാർത്ഥികൾ ഗവേഷണ പ്രബന്ധങ്ങളും പോസ്റ്ററുകളും അവതരിപ്പിക്കും.